കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ ഇന്ന് മരണസംഖ്യ 392 ആയി. ഇന്ന് കിട്ടിയത് 7 മൃതദേഹങ്ങള്‍. ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് ലഭിച്ചത് രണ്ട് ശരീര ഭാഗങ്ങൾ. ഇതോടെ മലപ്പുറം ജില്ലയിൽനിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76ഉം ശരീര ഭാഗങ്ങൾ 159ഉം ആയി. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികളുടെയും നാല് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇതുവരെ 233 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. ഏഴ് ശരീര ഭാഗങ്ങൾ പൂർണമായി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തിരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ചാലിയാര്‍ പുഴയോട് ചേര്‍ന്ന് 9 വാര്‍ഡുകളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തിരച്ചിൽ നടന്നത്. ഉരുള്‍പൊട്ടലിൽ പരുക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.