മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 299 ആയി ഉയർന്നു. 200ലധികം പേര്‍ കാണാമറയത്ത്. 279 പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 100 പേരെയാണ് തിരിച്ചറിഞ്ഞത്. മരണം സ്ഥിരീകരിച്ചവരിൽ 27 പേര്‍ കുട്ടികളാണ്. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്. 142 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.
രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നു. വാഹനങ്ങൾ കടത്തിവിട്ടു. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. ചൂരൽ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.
അതേസമയം ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ നിർത്തി. ചാലിയാറിലും കരയിലെ വനത്തിലുമായി നടത്തിയ തിരച്ചിലിൽ ഇതുവരെ 58 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ, പോത്തുകൽ, മുണ്ടേരി ഭാഗത്ത് ചാലിയാർ പുഴയുടെ വിവിധ കടവുകളിൽ നിന്നായി മൂന്ന് ദിവസത്തെ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മലപ്പുറത്ത് ലഭിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വയനാട്ടിലേക്ക് മാറ്റി. ചാലിയാറിൽ തിരച്ചിലിനിടെ മുണ്ടേരിയിൽ പുഴയ്ക്ക്അപ്പുറം കുടുങ്ങിയവരെ ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി.