വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല; 18 തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് പൂർത്തീകരിച്ചു

Jaihind Webdesk
Monday, August 16, 2021

 

വയനാട് : സമ്പൂർണ്ണ വാക്സിനേഷനെന്ന ലക്ഷ്യം കൈവരിച്ച ആദ്യ ജില്ല എന്ന നേട്ടം സ്വന്തമാക്കി വയനാട്.  18 വയസിന് മുകളിലുള്ള എല്ലാവർക്കും  ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്നും വാക്സിനേഷന്‍ യജ്ഞത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറിയെന്നും കളക്ടര്‍ അദീല അബ്ദുള്ള. കൊവിഡ് പോസിറ്റീവായവര്‍, ക്വാറന്‍റൈനിലുള്ളവര്‍, വാക്സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദീല അബ്ദുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ജില്ലയില്‍ 6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. 2,13,311 പേര്‍ക്കാണ് രണ്ടാം ഡോസ് (31.67 ശതമാനം) വാക്സിന്‍ നല്‍കിയത്. കുറഞ്ഞ കാലയളവ് കൊണ്ട് ലക്ഷ്യം കൈവരിച്ച ജില്ലയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും കളക്ടർ അഭിനന്ദിച്ചു.

വാക്സിനേഷനായി വലിയ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയാറാക്കിയ വാക്സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും വാക്സിനേഷന്‍ ഉറപ്പാക്കാന്‍ 28 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിന്‍ നല്‍കിയത്. 636 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍ നല്‍കിയതായും കളക്ടർ അറിയിച്ചു.