ഫണ്ട് എവിടെപ്പോയി?; ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയുടെ മണ്ഡലത്തില്‍ ദാഹജലം കിട്ടാക്കനി; പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് നാട്ടുകാര്‍

Jaihind News Bureau
Thursday, November 6, 2025

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിലെ ചേര്‍മല സാമ്പവ ഉന്നതിയില്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തില്‍ അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. ഒന്‍പത് മാസമായി കുടിവെള്ള വിതരണം താറുമാറായതിനെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയുടെ മണ്ഡലത്തിലാണ് ജനങ്ങള്‍ കുടിവെള്ളത്തിനായി ദുരിതം അനുഭവിക്കുന്നത്.

പേരാമ്പ്ര ചേര്‍മല സാമ്പവ ഉന്നതിയിലെ താമസക്കാരാണ് കുടിവെള്ളത്തിനായി വലയുന്നത്. വല്ലപ്പോഴും മാത്രമാണ് ഇവര്‍ക്ക് വെള്ളം ലഭിക്കുന്നത്. കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് പൊട്ടുന്നതാണ് വിതരണം മുടങ്ങാന്‍ പ്രധാന കാരണം. പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിട്ടും നിര്‍മ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

രണ്ടാഴ്ച മുമ്പ് സ്ത്രീകള്‍ പരാതിയുമായി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നു. ഒരാഴ്ചകൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും അതുവരെ പഞ്ചായത്ത് ടാങ്കറില്‍ കുടിവെള്ളം എത്തിക്കാമെന്നും ഭരണാധികാരികള്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഈ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ വീണ്ടും പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലെത്തിയത്.

കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. വാര്‍ഡ് മെമ്പര്‍ അര്‍ജുന്‍ കറ്റയാട്ടും പ്രതിഷേധക്കാര്‍ക്കൊപ്പം സമരത്തില്‍ പങ്കുചേര്‍ന്നു. പഞ്ചായത്ത് മെമ്പര്‍ പി.കെ. രാഗേഷ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

തുടര്‍ന്ന്, പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും താത്കാലികമായി കുടിവെള്ള വിതരണം നടത്താമെന്നും പഞ്ചായത്ത് അധികൃതര്‍ എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.