പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ ജലസമൃദ്ധി; മന്ത്രി പറഞ്ഞത് കള്ളമെന്ന് സുമേഷ് അച്യുതൻ | VIDEO

Jaihind Webdesk
Friday, February 9, 2024

 

ചിറ്റൂർ: പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിട്ടും കേരളത്തിന് ലഭ്യമാക്കാത്ത മന്ത്രി കെ. കൃഷ്ണൻ കുട്ടി നുണ പ്രചാരണം നടത്തുന്നതായി ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതൻ. പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തകർന്ന് ആറ് ടിഎംസി വെള്ളം നഷ്ടപ്പെട്ടതാണ് കേരളത്തിന് വെള്ളം കിട്ടാത്തതെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ 2022 സെപ്റ്റംബർ 21 ന് തകർന്ന ഷട്ടർ 2022 ഡിസംബർ 22-ന് പുനഃസ്ഥാപിച്ചിരുന്നു. ഒരു വർഷത്തെ മഴ ലഭിച്ചിട്ടും 2024-ൽ വെള്ളം നൽകാത്തത് ഷട്ടർ തകർന്നതുകൊണ്ടാണെന്ന് മന്ത്രി പറയുന്നത് നുണപ്രചാരണങ്ങളുടെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

യഥേഷ്ടം വെള്ളമുള്ള പറമ്പിക്കുളം ഡാമിൽ നിന്നും തൂണക്കടവ് ഡാം വഴി കോണ്ടൂർ കനാലിലൂടെ തിരുമൂർത്തി ഡാമിലേക്ക് തമിഴ്നാട് സ്ഥിരമായി വെള്ളം കടത്തി കൊണ്ടിരിക്കുകയാണ്. പറമ്പിക്കുളം-ആളിയാർ കരാറിൽ നിന്നും ഒരു ജലവർഷം കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി യിൽ ഫെബ്രുവരി ഏഴുവരെ 3.67 ടിഎംസി. വെള്ളം മാത്രമാണ് ലഭിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ കുടിവെള്ള ക്ഷാമം ഉണ്ടെങ്കിൽ പോലും കേരളത്തിനുള്ള 7.25 ടിഎംസി വെള്ളം നിയമാനുസൃതം ലഭിക്കേണ്ടതാണെന്ന് മുൻ കാലങ്ങളിൽ കർഷകരോട് ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് കെ. കൃഷ്ണണൻകുട്ടിയാണ്. എന്നാലിപ്പോൾ കേരളത്തിൽ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ പോലും അതു കണക്കാതെ തമിഴ്നാട് വെള്ളം കടത്തുന്നതിന് സ്ഥാപിത താൽപ്പര്യം മൂലം കൃഷ്ണൻകുട്ടി ഒത്താശ ചെയ്യുകയാണെന്നും സുമേഷ് അച്യുതന്‍ ആരോപിച്ചു.

ചിറ്റൂർ മേഖലയിലെ നെൽ കൃഷിക്ക് 4.25 ടിഎംസി വെള്ളം പര്യാപ്തമാണെന്ന കെ. കൃഷ്ണൻകുട്ടിയുടെ നിലപാടാണ് പറമ്പിക്കുളം വെള്ളം കടത്താൻ തമിഴ്നാടിന് പ്രചോദനമാകുന്നതെന്ന് സുമേഷ് അച്യുതൻ കുറ്റപ്പെടുത്തി. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളും കോണ്ടൂർ കനാലും സന്ദർശിച്ച സുമേഷ് അച്യുതനൊപ്പം കെപിസിസി അംഗം സജേഷ് ചന്ദ്രൻ, കോൺഗ്രസ് മുതലമട മണ്ഡലം പ്രസിഡന്‍റ് ആർ. ബിജോയ്, മുതലമട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് എസ്.വി. ശെൽവൻ എന്നിവരുമുണ്ടായിരുന്നു.