‘മലർന്നു കിടന്നു തുപ്പരുത്; പലരെയും ശിരഛേദം നടത്തിയ ആളാണ് കെ.സി.ആർ’; തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ വാക്പോര്

Jaihind News Bureau
Tuesday, December 16, 2025

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട ജില്ലയിലെ സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയതയും പൊട്ടിത്തെറിയും. മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.സി. രാജഗോപാലിനെതിരെ  മുൻ ജില്ലാ കമ്മിറ്റിയംഗം കെ. പ്രകാശ് ബാബു പരസ്യമായി രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ കെ.സി. രാജഗോപാൽ ‘കാലുവാരി’ എന്ന ആരോപണം ഉന്നയിച്ചാണ് പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. “മലർന്നു കിടന്നു തുപ്പരുത്” എന്ന  ശക്തമായ പരിഹാസത്തോടെയാണ് അദ്ദേഹം തന്റെ വിമർശനം ആരംഭിച്ചത്.

പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്ന പഴയ കാലം കെ.സി.ആർ. മറക്കരുതെന്നും, സ്വന്തം എതിരാളികളായ നിരവധി പേരെ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയ (ശിരഛേദം നടത്തിയ) ചരിത്രം അദ്ദേഹത്തിനുണ്ടെന്നും കെ. പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കൾ പരസ്പരം പഴിചാരുന്ന സാഹചര്യം ജില്ലയിലെ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നേതാക്കൾക്കിടയിലെ ഈ പരസ്യ പോര് പാർട്ടിയുടെ താഴെത്തട്ടിലുള്ള അണികളിലും ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്റെ പരസ്യപസ്താവന കണ്ടു. പത്രക്കാരെ വിളിച്ചു പറയേണ്ടിരുന്നോ എന്നൊരു സംശയം. ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും , കുതികാല്‍ വെട്ടും,വഞ്ചനയും, അത്ര പുതിയ കാര്യമൊന്നുമല്ല. പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാര്‍ട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് ്‌ െഅച്ചുതാനന്ദന്റെ സമ്പൂര്‍ണ്ണ ആ ശിര്‍വാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകള്‍ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരില്‍ ഒരാള്‍ ഞാനും കൂടെയാണ്. അനര്‍ഹര്‍ക്ക് താല്‍ക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ അനന്തരഫലം കൂടിയാണ് താങ്കള്‍ നേരിടുന്നത്. എന്റെ പോരാട്ടവീര്യത്തിനു കുറവു വന്നതുകൊണ്ടല്ല രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോള്‍ ഇത്തരം ഉള്‍പോരാട്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ 75 വയസ്സാകാന്‍ കാത്തുനില്‍ക്കാതെ 60 ലെ സ്വയം റിട്ടയര്‍ ചെയ്തതും. താങ്കളും, മറ്റുള്ളവരും , ഞാനും നടത്തിയ പോരാട്ടങ്ങള്‍ വ്യക്തിപരമായിരുന്നില്ല. റിട്ടയര്‍മെന്റു കഴിഞ്ഞ നമുക്ക് പാര്‍ട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കില്‍ വേണ്ടെന്നുവക്കുക. നമുക്ക് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്. റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ പഴയ കസേരയില്‍ പോയിരുന്ന് നിര്‍ദേശം കൊടുത്താല്‍ ആരും കേള്‍ക്കില്ല. റിട്ടയര്‍ ചെയ്ത മറ്റു പലരുടെയും അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുറവുകള്‍ പാര്‍ട്ടി പരിഹരിക്കട്ടെ. അതവര്‍ക്ക് വിട്ടുകൊടുക്കു. മലര്‍ന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക.