യുക്രെയ്‌നെതിരെയുള്ള യുദ്ധം 10 – 12 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് റഷ്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. യുദ്ധം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യയ്‌ക്കെതിരെയും റഷ്യയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ നിലപാടില്‍ കടുത്ത അതൃപ്തിയുണ്ടെന്നും ഇന്നു മുതല്‍ 10-12 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പുതിയ സമയപരിധി നല്‍കുകയാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാര്‍മെറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തീരുവകള്‍ ചുമത്തി ശിക്ഷിക്കുമെന്ന് ട്രംപ് റഷ്യയ്ക്കു ജൂലൈ 14ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരും. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സെക്രട്ടറി ജനറല്‍ മാര്‍ക് റട്ടുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ സമയപരിധി വെട്ടിക്കുറച്ചാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.