
പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുന്നു. പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ഇറാൻ – യുഎസ് ചർച്ചകൾ പരാജയപ്പെട്ടു. അമേരിക്കൻ ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്തതിനെ തുടർന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകൾ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങി. ഇതിന് പിന്നാലെ ഇറാനെതിരെ രൂക്ഷമായ പരിഹാസവും ഭീഷണിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.
40 ദിവസം നീണ്ടുനിന്ന ഇസ്രയേൽ – യുഎസ് സംയുക്ത ആക്രമണത്തിന് ശേഷം രണ്ടാഴ്ചത്തെ വെടിനിർത്തലിലായിരുന്നു ഇറാൻ. എന്നാൽ സമാധാന ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായാണ് ഇസ്ലാമാബാദ് ചർച്ചയുടെ പരാജയം വിലയിരുത്തപ്പെടുന്നത്. രണ്ടാം ദിവസത്തെ ചർച്ചകൾ ഒഴിവാക്കിയാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വാഷിംഗ്ടണിലേക്ക് മടങ്ങിയത്. ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ചർച്ചകൾ അലസാൻ കാരണമെന്ന് വാൻസ് പ്രതികരിച്ചു.
ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ‘ട്രൂത്ത് സോഷ്യലിലൂടെ’ ഇറാനെതിരെ ട്രംപ് യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇറാൻ വലിയ തോൽവി ഏറ്റുവാങ്ങുകയാണെന്നും, വൈകാതെ തന്നെ ഹോർമുസ് കടലിടുക്ക് യുഎസ് സൈന്യം തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.യുദ്ധത്തെ തുടർന്ന് ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് ശുചീകരിക്കാൻ യുഎസ് സൈന്യം ജോലി തുടങ്ങിയതായി ട്രംപ് വെളിപ്പെടുത്തി. ഇറാൻ തകർത്ത 28 പ്രധാന യുദ്ധക്കപ്പലുകൾ കടലിൽ മുക്കിയതായും, ഇറാന്റെ വ്യോമ-നാവിക സേനാ സംവിധാനങ്ങൾ യുഎസ് തകർത്തുവെന്നും ട്രംപ് അവകാശപ്പെടുന്നു. ചൈനയ്ക്കും ജപ്പാനും ഫ്രാൻസിനും ചെയ്യാൻ ധൈര്യമില്ലാത്ത ഉപകാരമാണ് ഹോർമുസ് തുറക്കുന്നതിലൂടെ അമേരിക്ക ലോകത്തിന് ചെയ്തു കൊടുക്കുന്നതെന്നാണ് ട്രംപിന്റെ പരിഹാസം.
അതേസമയം മാധ്യമങ്ങൾക്കെതിരെയും ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചു. ഇറാൻ ജയിക്കുന്നു എന്ന് പറയാനാണ് മാധ്യമങ്ങൾക്ക് താല്പര്യമെന്നും എന്നാൽ വാസ്തവത്തിൽ ഇറാൻ പരാജയപ്പെടുകയാണെന്നും അദ്ദേഹം കുറിച്ചു.ഇതുവരെ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ നിന്ന് വിട്ടുനിന്ന നേറ്റോ സഖ്യകക്ഷികളെ കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ അമേരിക്ക ശ്രമിക്കുമോ എന്ന ആശങ്കയിലാണ് ലോകം. ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാന് സമീപം നിലയുറപ്പിച്ച യുഎസ് സൈന്യം ഏതുനിമിഷവും വീണ്ടും ആഞ്ഞടിച്ചേക്കാം.