വഖഫ് നിയമ ഭേദഗതി ബില്‍: പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമം- സോണിയ ഗാന്ധി

Jaihind News Bureau
Thursday, April 3, 2025

വഖഫ് നിയമ ഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം. സുപ്രധാന വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ബിജെപി കുപ്രചരണം നടത്തുന്നുവെന്നും സോണിയാ കുറ്റപ്പെടുത്തി. സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

വഖഫ് ഭേദഗതി ബില്‍ ലോക് സഭ പാസ്സാക്കി. അതിരൂക്ഷ പ്രതിപക്ഷ എതിര്‍പ്പിനും നാടകീയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പതിമൂന്നു മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ബില്‍ വോട്ടെടുപ്പിലൂടെ പാസ്സാക്കിയത്. 232ന് എതിരെ 288 വോട്ടുകളാണ് നേടിയത്. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികള്‍ സഭ തള്ളി.