വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം; മോദി സർക്കാരിന് ഗൂഢലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, August 9, 2024

 

തിരുവന്തപുരം: വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോടികള്‍ വില വരുന്ന വഖഫ് ഭൂമി പലര്‍ക്കും വീതിച്ച് നല്‍കാനുള്ള ഗൂഢമായ നീക്കമാണ് മോദി സര്‍ക്കാരിന്‍റെ ഭേദഗതി ബില്ലിന് പിന്നിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശ്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം പാർലമെന്‍റില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ മാറ്റം വരുത്തുന്നതിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും ചർച്ചചെയ്യേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിലവിലെ വഖഫ് ബോര്‍ഡ് നിയമത്തില്‍ വെള്ളം ചേര്‍ത്ത് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കേന്ദ്രസര്‍ക്കാർ സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യാ സഖ്യത്തിന്‍റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടത്. സംയുക്ത പാര്‍ലമെന്‍റ‍റി സമിതിയില്‍ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കും. ഇത്തരത്തില്‍ ഒരു നിയമം പാസാക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.