വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ച് പ്രതിപക്ഷ എംപിമാര്‍ നിരവധി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. ‘മുസ്ലീമല്ലാത്ത ഒരു അംഗത്തെയും വഖഫിലേക്ക് നിയമിക്കാന്‍ വ്യവസ്ഥയില്ല. മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ ഈ അവകാശവാദങ്ങളെ ഇ ടി മുഹമ്മദ്ബഷീര്‍ എംപി തള്ളി. ന്യൂനപക്ഷങ്ങളുടെ രക്ഷകനായി അമിത് ഷായെ കാണുന്നത് തമാശയെന്നായിരുന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത് . ബിജെപിയ്ക്ക് രണ്ടു തരം നിയമങ്ങളാണുള്ളത്. ഒന്ന് മതനിയമങ്ങള്‍ അനുസരിക്കുന്നവയും രണ്ടാമത്തേയ്്ത് മതങ്ങളെ മുന്‍വിധിയോടെ വിലയിരുത്തിക്കൊണ്ടുള്ളതും. വഖഫ് ബില്‍ ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് (ഭേദഗതി) ബില്‍ ചര്‍ച്ച ലോക്‌സഭയില്‍ തുടരുകയാണ്. മുസ്ലീം പണ്ഡിതരുടെ ഒരു ആശങ്ക പോലും പരിഹരിക്കാത്തതില്‍ ജമ്മു കശ്മീരിലെ മുഖ്യ പുരോഹിതന്‍ കൂടിയായ ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖ് നിരാശ പ്രകടിപ്പിച്ചു. മുത്തഹിദ മജ്ലിസ്-ഇ-ഉലമ (എംഎംയു) ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ ഉന്നയിച്ച ഗുരുതരമായ ആശങ്കകളും എതിര്‍പ്പുകളും അവര്‍ ജെപിസി പരിഹരിക്കാത്തത് വളരെ നിര്‍ഭാഗ്യകരമെന്ന് മിര്‍വൈസ് ഉമര്‍ ഫാറൂഖ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യയിലെ കോടിക്കണക്കിന് മുസ്ലീങ്ങള്‍ അവരുടെ അവകാശങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെടുന്നത് നിസ്സഹായരായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.