‘വഖഫ് (ഭേദഗതി) ബില്‍ മുസ്ലീങ്ങളെ അധികാരരഹിതരാക്കുന്നതിനാണ് ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നതെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി. കഴിഞ്ഞ 10-11 വര്‍ഷമായി പള്ളികള്‍ തകര്‍ക്കപ്പെടുന്നതും മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. മുസ്ലീങ്ങളെ അധികാരരഹിതരാക്കാനുള്ള ഗൂഢാലോചനയാണ് നിര്‍ദ്ദിഷ്ട ഭേദഗതികളെന്ന് മുഫ്തി ആരോപിച്ചു. പക്ഷേ രാജ്യത്തെ ജനങ്ങള്‍ അതിനെതിരെ നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയില്‍ എനിക്ക് ഒരു പ്രതീക്ഷയുമില്ല. പക്ഷേ ഹിന്ദു സഹോദരന്മാര്‍ മുന്നോട്ട് വരണം, കാരണം ഇത് ഗാന്ധിജിയുടെ രാഷ്ട്രമാണ്, ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണം. രാജ്യം മറ്റൊരു മ്യാന്‍മറായി മാറുന്നത് തടയാന്‍ മതേതര ശക്തികള്‍ ഇടപെടണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
‘ഇവിടെ മറ്റൊരു മ്യാന്‍മര്‍ ഉണ്ടാവാതിരിക്കാന്‍ , കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചത് മുസ്ലീങ്ങള്‍ക്ക് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഹിന്ദുക്കള്‍ അങ്ങനെ ചെയ്യണം. അതിനാല്‍, ഇപ്പോള്‍ നടക്കുന്ന അനീതി, വഖഫ് ബോര്‍ഡ് ഏറ്റെടുക്കല്‍ തടയാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു.
നിര്‍ദ്ദിഷ്ട ബില്ലിന് പിന്നിലെ സര്‍ക്കാരിന്റെ ഉദ്ദേശത്തില്‍ സംശയമുണ്ടെന്ന് ശിവസേന (യുബിടി) എംപി അരവിന്ദ് സാവന്ത് പറഞ്ഞു. പാര്‍ട്ടി ഹിന്ദുത്വത്തോട് പ്രതിജ്ഞാബദ്ധമാണോ എന്നം അദ്ദേഹം ചോദിച്ചു. വഖഫ് ബോര്‍ഡിനെ മുസ്ലീം പ്രാതിനിധ്യം കുറയ്ക്കുന്നതു പോലെ സമാനമായ നടപടികള്‍ ഹിന്ദു ക്ഷേത്ര ബോര്‍ഡുകളിലേക്കും ക്രിസ്ത്യന്‍, സിഖ് ട്രസ്റ്റുകളിലേക്കും വ്യാപിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് വഖഫ് (ഭേദഗതി) ബില്‍ ആവശ്യമില്ലാത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് വഖഫ് (ഭേദഗതി) ബില്‍ കൊണ്ടുവരുന്നതില്‍ കടുംപിടിത്തം കാട്ടുന്നതെന്ന് എ.ഐ.എം.ഐ.എം ദേശീയ വക്താവ് വാരിസ് പത്താന്‍ ചോദിച്ചു. ഇത് ഒരു കരിനിയമമാണെന്ന് ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ പറഞ്ഞുകൊണ്ടിരുന്നു, ഇത് പിന്‍വലിക്കുക. ഇപ്പോള്‍, സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെങ്കില്‍, ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് ഞങ്ങള്‍ പ്രതിഷേധിക്കും. നേരത്തെ, ബില്ലില്‍ എതിര്‍പ്പുള്ളവര്‍ എതിര്‍പ്പുകള്‍ രേഖപ്പെടുത്തണമെന്ന് മുസ്ലീം പേഴ്സണല്‍ ബോര്‍ഡ് പറഞ്ഞിരുന്നു, ഒരു കോടിയിലധികം ആളുകള്‍ അങ്ങനെ ചെയ്തു. രാജ്യത്തെ മുസ്ലീങ്ങള്‍ ഈ ബില്‍ പാസാക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത് നിയമമാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് മോദി ഈ ബില്‍ കൊണ്ടുവന്ന് നിയമമാക്കുന്നതില്‍ ഇത്ര ഉറച്ചുനില്‍ക്കുന്നത്? ലോക്‌സഭയില്‍ ബില്‍ പാസാക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലെന്നും ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്‍, ജയന്ത് ചൗധരി എന്നിവരുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വ്യക്തികള്‍ ബില്ലിനെ പിന്തുണച്ചാല്‍, ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒരിക്കലും അവരോട് ക്ഷമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.