വഖഫ് ബില്‍: കരിനിയമമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ; കോടതിയെ സമീപിക്കും

Jaihind News Bureau
Wednesday, April 2, 2025

വഖഫ് (ഭേദഗതി) ബില്ലിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. ഇന്ത്യയിലെ മുസ്ലീംസമൂഹത്തിന്റെ അവകാശങ്ങളെ അപകടപ്പെടുത്തുന്ന ‘കറുത്ത നിയമമാണിതെന്ന് ബോര്‍ഡ് വിശേഷിപ്പിച്ചു. ഇതിനെതിരേ പ്രതിഷേധങ്ങള്‍ ആരംഭിക്കുമെന്നും ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.

മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് AIMPLB അംഗം എംഡി അദീബ് ആരോപിച്ചു. ഈ നീക്കത്തിലൂടെ അവര്‍ക്ക് മുസ്‌ളിങ്ങളുടെ സ്വത്ത് അപഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. പക്ഷേ നമുക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. അവിടെ പരാജയപ്പെട്ടുവെന്ന് കരുതരുതെന്നും അദീബ് പറഞ്ഞു.

അതേസമയം, ലോക്‌സഭയില്‍ വഖഫ് ബില്ലിലുള്ള ചര്‍ച്ച തുടരുകയാണ്. സര്‍ക്കാരിന്റെ നിലവിലുള്ള പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണു വിവാദമായ വഖഫ് (ഭേദഗതി) ബില്‍ അവതരിപ്പിച്ചതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എംപി ആരോപിച്ചു. പരിഷ്‌ക്കാരമല്ല സര്‍ക്കാരിന്റെ ലക്ഷ്യം, മറിച്ച് ഈ ഭരണകൂടത്തിന്റെ പോരായ്മകളും പരാജയങ്ങളും മറയ്ക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. അദ്ദേഹംപറഞ്ഞു.

വഖഫ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയെ അഖിലേഷ് യാദവ് ചോദ്യം ചെയ്തു. രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും വഖഫ് ബില്ലിനെ എതിര്‍ക്കുകയാണ്. എന്തുകൊണ്ടാണ് അത് മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. എതിര്‍പ്പിനെ അവഗണിച്ച് അത് പാസാക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണ്?’ അഖിലേഷ് യാദവ് ചോദിച്ചു.ജനങ്ങളില്‍ നിന്ന് വീടുകളും അവരുടെ കടകളും തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒഡീഷയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍ (ബിജെഡി) വിവാദ ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ബില്ലില്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നതായും പക്ഷേ അവ അംഗീകരിക്കപ്പെട്ടില്ലെന്നും ബിജെഡി രാജ്യസഭ എംപിയും ദേശീയ വക്താവുമായ സസ്മിത് പത്ര പറഞ്ഞു. ലോക്സഭയില്‍ പക്ഷേ, ബിജെഡിക്ക് പ്രാതിനിധ്യമില്ലെങ്കിലും, രാജ്യസഭയില്‍ അവര്‍ക്ക് ഏഴ് സീറ്റുകളുണ്ട്. പാര്‍ലമെന്ററി ചര്‍ച്ചയില്‍ ബിജെഡിയുടെ രാജ്യസഭാ എംപി മുസിബുള്ള ഖാന്‍ പാര്‍ട്ടിയുടെ നിലപാടിനെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.