വഖഫ് ഭേദഗതി വാദം തുടരുന്നു: സ്റ്റേ സംബന്ധിച്ച വാദമല്ല കേള്‍ക്കുന്നതെന്ന് സുപ്രീം കോടതി

Jaihind News Bureau
Wednesday, April 16, 2025

വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുമ്പാകെ ആകെ 73 ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വഖഫ് നിയമം സ്റ്റേ ചെയ്യുന്നതിനെക്കുറിച്ച് ഒരു വാദവും കേള്‍ക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ടോ , കേസ് ഹൈക്കോടതിയിലേക്ക് അയയ്ക്കണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രാഥമികമായി കോടതി നോക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജാമിയത്ത് ഉലമ-ഇ-ഹിന്ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വാദം തുടങ്ങിയത്. പുതിയ വഖഫ് നിയമത്തിന് കീഴില്‍ കളക്ടര്‍മാരുടെ അധികാരങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. വഖഫ് ചെയ്യാനുള്ള യോഗ്യതയുള്ള മുസ്ലീമാണോ എന്ന് സംസ്ഥാനത്തിന് എങ്ങനെ തീരുമാനിക്കാന്‍ കഴിയുമെന്നും സിബല്‍ ചോദിച്ചു.പ്രാക്ടീസിംഗ് മുസ്‌ളിമായി അഞ്ചുവര്‍ഷം പൂര്‍്ത്തിയാക്കിയവര്‍ക്കു മാത്രമാണ് വഖഫ് ചെയ്യാന്‍ അധികാരമെന്ന നിയമത്തിലെ നിബന്ധനയാണ അദ്ദേഹം ചോദ്യം ചെയ്തത്. പുതിയ വഖഫ് നിയമത്തിന് കീഴില്‍ കളക്ടര്‍മാരുടെ അധികാരങ്ങളെയും കപില്‍ സിബല്‍ ചോദ്യം ചെയ്തു.ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് കളക്ടര്‍. തര്‍ക്കമുണ്ടെങ്കില്‍. ഈ വ്യക്തി സര്‍ക്കാരിന്റെ ഭാഗമാണ്, ഉദ്യോഗസ്ഥന്‍ തീരുമാനിക്കുന്നതുവരെ സ്വത്ത് വഖഫ് ആകില്ലെന്നും നിയമം പറയുന്നു, ഇത് ഭരണഘടനാ വിരുദ്ധമാണ്. സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

ഭൂമി വഖഫ് ആയി അവകാശപ്പെടുന്നതിന്റെ വ്യാപകമായ അവകാശവാദങ്ങളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച ആശങ്ക പ്രകടിപ്പിച്ചു, ഡല്‍ഹി ഹൈക്കോടതി പരിസരം പോലും വഖഫ് ഭൂമിയിലാണെന്ന് ഒരിക്കല്‍ പറയപ്പെട്ടിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി, ആര്‍ട്ടിക്കിള്‍ 32 പ്രകാരം കേസ് കേള്‍ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു, ഇത് ഹൈക്കോടതിക്ക് വിടേണ്ട കേസല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയാണ് വേണ്ടത്. വഖഫ് സംബന്ധിച്ച ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റേയ്ക്കുള്ള അപേക്ഷ പിന്നീട് പരിഗണിക്കുമെന്ന് ബെഞ്ച് പറഞ്ഞു.

വഖഫ് നിയമത്തിന് അഖിലേന്ത്യാ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യരുതെന്നും സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിംഗ്വി പറഞ്ഞു. എന്നിരുന്നാലും, ഹര്‍ജികള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.