2025 ലെ വഖഫ് (ഭേദഗതി) നിയമത്തിന് ഇടക്കാല സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച സുപ്രീം കോടതി വഖഫ് സ്വത്തിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന് നിര്‍ദ്ദേശിച്ചു. എല്ലാ വഖഫ് സ്വത്തുക്കളും – അവ എങ്ങനെ തരംതിരിച്ചിട്ടുണ്ടെങ്കിലും – അടുത്ത വാദം കേള്‍ക്കല്‍ വരെ അവയുടെ നിലവിലെ അവസ്ഥയില്‍ സംരക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഈ കാലയളവില്‍ ഒരു വഖഫ് ബോര്‍ഡിലേക്കും പുതിയ നിയമനങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചു. ‘ഉപയോക്താവ് വഴി വഖഫ്’ എന്ന രീതി പ്രകാരം രജിസ്റ്റര്‍ ചെയ്തതോ പ്രഖ്യാപിച്ചതോ ഉള്‍പ്പെടെ ഏതെങ്കിലും സ്വത്തുക്കളുടെ സ്വഭാവങ്ങളില്‍ മാറ്റം വരുത്തരുതെന്നാണ് കോടതി നിര്‍ദ്ദേശം
നിയമത്തില്‍ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്ക് പ്രസക്തമായ രേഖകള്‍ സഹിതം പ്രാഥമിക പ്രതികരണം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് ഏഴ് ദിവസത്തെ സമയം നല്‍കി. കോടതി ഈ ഹര്‍ജികള്‍ ഒരാഴ്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും. ഇതിനിടെ വഖഫ് നിയമത്തിന് പൂര്‍ണ്ണ സ്റ്റേ സാധ്യമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി
ഇന്നത്തെ കോടതി നടപടികളുടെചുരുക്കം ഇങ്ങനെയാണ്
1. വഖഫ് സ്വത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു
2. വഖഫ് ബോര്‍ഡില്‍ നിയമനങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശം
3. ഇടക്കാല സ്റ്റേ ഇല്ല
4. പ്രതികരണം അറിയിക്കാന്‍ കേന്ദ്രത്തിന് ഒരാഴ്ച
വഖഫ് (ഭേദഗതി) നിയമത്തില്‍ 73 ഹര്‍ജികളാണ് കോടതി ഇന്നു പരിഗണിച്ചത്. വാദം കേള്‍ക്കുന്നതിനിടെ, കോടതിയില്‍ ചില രേഖകള്‍ സഹിതം പ്രാഥമിക മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രം ഒരാഴ്ചത്തെ സമയം തേടി. ഒരു ഇടക്കാല തീരുമാനത്തിലും തിടുക്കം കാണിക്കരുതെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചു. വിഷയത്തിന് ആഴത്തിലുള്ള ചര്‍ച്ച ആവശ്യമാണെന്നും തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും എജി വാദിച്ചു. പ്രസക്തമായ രേഖകള്‍ക്കൊപ്പം പ്രാഥമിക പ്രതികരണം സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതി അത് അനുവദിക്കുകയായിരുന്നു.