ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന് തിരിച്ചടിയായി വഖഫ് ബോർഡ് നിയമത്തില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ്. വഖഫ് (ഭേദഗതി) നിയമത്തിലെ പ്രധാന വകുപ്പുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാല്‍ പൂര്‍ണ്ണമായി സ്റ്റേ സുപ്രീം കോടതി അനുവദിച്ചില്ല . നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യാനുള്ള സാഹചര്യം നിലവിലില്ലെന്ന് നിരീക്ഷിച്ച കോടതി, ചില വ്യവസ്ഥകള്‍ക്ക് ഇടക്കാല സംരക്ഷണം ആവശ്യമായി വരുമെന്നും വ്യക്തമാക്കി. വഖഫ് സ്വത്തുക്കളുടെ ഭരണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് എന്‍ഡിഎ സര്‍ക്കാര്‍ പാസ്സാക്കി വഖഫ് (ഭേദഗതി) നിയമം 2025. ഈ നിയമം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഈ ഹര്‍ജികളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ച് മെയ് 22-ന് ഈ നിയമത്തിനെതിരായ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിനായി വാദം കേള്‍ക്കുന്നത് മാറ്റിവെച്ചതിന് ശേഷമാണ് ഇന്നത്തെ വാദം കേള്‍ക്കല്‍ നടന്നത്. പാര്‍ലമെന്റ് ഈ വര്‍ഷം ആദ്യം പാസാക്കിയ വഖഫ് നിയമത്തിലെ ഭേദഗതികളുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ഹര്‍ജിക്കാര്‍ പ്രധാനമായും സെക്ഷന്‍ 3(r), 3C, 14 എന്നിവയിലെ ഭേദഗതികളെയാണ് ചോദ്യം ചെയ്തത്. ഈ വകുപ്പുകള്‍ വഖഫ് സ്വത്തുക്കളുടെ നിര്‍വചനം, അവയുടെ രജിസ്‌ട്രേഷന്‍, വഖഫ് ബോര്‍ഡുകളുടെ അധികാരങ്ങള്‍ എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നവയാണ്. ഈ മാറ്റങ്ങള്‍ വഖഫ് സ്വത്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവത്തെയും അവയുടെ മതപരമായ ഉപയോഗത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍ നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. നിയമത്തിന്റെ എല്ലാ ഭാഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ചോദ്യം ചെയ്യപ്പെട്ട സെക്ഷന്‍ 3(r), 3C, 14 എന്നിവയുള്‍പ്പെടെയുള്ള ചില വകുപ്പുകള്‍ക്ക് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ഈ വകുപ്പുകള്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ഇവ നടപ്പിലാക്കുന്നത് ചില താല്‍ക്കാലിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും കോടതി വിലയിരുത്തി.