വഖഫ് നിയമം: വഖഫ് ചാരിറ്റി മാത്രം , ഇസ്ലാമിന്റെ അനിവാര്യ ഘടകമല്ല ; സുപ്രീം കോടതിയില്‍ കേന്ദ്രം

Jaihind News Bureau
Wednesday, May 21, 2025

ന്യൂഡല്‍ഹി: വഖഫ് എന്നത് ദാനധര്‍മ്മമാണെന്നും (ചാരിറ്റി പ്രവര്‍ത്തനം) അത് ഇസ്ലാമിന്റെ അനിവാര്യ ഘടകമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ . വഖഫ് ബോര്‍ഡുകള്‍ ‘മതേതരമായ കര്‍ത്തവ്യങ്ങള്‍’ മാത്രമാണ് നിര്‍വഹിക്കുന്നതെന്നും,  എന്നാല്‍ ക്ഷേത്രങ്ങളുടെ ഭരണം മതപരമായ കാര്യമാണെന്നും  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ‘വഖഫ് ഒരു ഇസ്ലാമിക ആശയമാണ്. എന്നാല്‍ അത് ഇസ്ലാമിന്റെ അനിവാര്യ ഘടകമല്ല… വഖഫ് ഇസ്ലാമിലെ ദാനധര്‍മ്മം മാത്രമാണ്. ദാനധര്‍മ്മം എല്ലാ മതങ്ങളുടെയും ഭാഗമാണെന്നും ക്രിസ്തുമതത്തിലും അത് സംഭവിക്കുന്നുണ്ടെന്നും വിധികള്‍ വ്യക്തമാക്കുന്നു. ഹിന്ദുക്കള്‍ക്ക് ‘ദാന്‍’ എന്ന സമ്പ്രദായമുണ്ട്. സിഖുകാര്‍ക്കും അതുണ്ട്,’ മേത്ത പറഞ്ഞു.

വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരേ ഇന്നലെ മുതലാണ് സുപ്രീംകോടതി വാദം കേട്ടു തുടങ്ങിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന് മുമ്പാകെയാണ് വാദം നടക്കുന്നത്. മുസ്ലിം പക്ഷം വാദങ്ങള്‍ അവതരിപ്പിച്ചതിന് തൊട്ടടുത്ത ദിവസം വാദം തുടര്‍ന്ന സോളിസിറ്റര്‍ ജനറല്‍, ‘ഉപയോഗത്തിലൂടെ വഖഫ്’ (waqf-by-user) എന്ന വിവാദ തത്വപ്രകാരം വഖഫായി പ്രഖ്യാപിക്കപ്പെട്ട സര്‍ക്കാര്‍ ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്നും വാദിച്ചു. ‘സര്‍ക്കാര്‍ ഭൂമിയില്‍ ആര്‍ക്കും അവകാശമില്ല… സര്‍ക്കാര്‍ ഭൂമി വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിന് സംരക്ഷിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന ഒരു സുപ്രീം കോടതി വിധിയുണ്ടെന്നും വാദിച്ചു.

രേഖകളില്ലാതെ തന്നെ, ദീര്‍ഘകാലത്തെ മതപരവും ചാരിറ്റിയുമായ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വത്ത് വഖഫായി കണക്കാക്കാന്‍ അനുവദിക്കുന്നതാണ് ‘ഉപയോഗത്തിലൂടെ വഖഫ്’ എന്ന വ്യവസ്ഥ. പുതിയ നിയമത്തില്‍ ഈ വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ അധികാരം വിപുലീകരിക്കുന്ന വഖഫ് നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള അഞ്ചു ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

‘ഉപയോഗത്തിലൂടെ വഖഫ്’ എന്നത് ഒരു മൗലികാവകാശമല്ലെന്നും ബ്രിട്ടീഷുകാര്‍ക്കും സ്വാതന്ത്ര്യാനന്തരം വന്ന ഇന്ത്യന്‍ സര്‍ക്കാരുകള്‍ക്കും പരിഹരിക്കാന്‍ കഴിയാതിരുന്ന പ്രശ്‌നങ്ങള്‍ ഏറ്റവും പുതിയ വഖഫ് നിയമ ഭേദഗതികളിലൂടെ പരിഹരിച്ചതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.