വഖഫ് (ഭേദഗതി) നിയമം സമുദായങ്ങളെ ധ്രുവീകരിക്കാനുള്ള ബിജെപി-ആര്‍എസ്എസ് ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ. ഹിന്ദു- മുസ്‌ളിം സമൂഹങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ബിഹാറില്‍ ജെഡിയുവും ബിജെപിയും തമ്മിലുള്ള സഖ്യം ‘അവസരവാദപരം’ ആണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിലെ ബക്സറില്‍ കോണ്‍ഗ്രസ് റാലിയില്‍ സംഘടിപ്പിച്ചു. ദല്‍സാഗര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍’ കോണ്‍ഗ്രസ് റാലിയെ ഖാര്‍ഗെ അഭിസംബോധന ചെയ്തു. എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കാന്‍ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു
മുഖ്യമന്ത്രി നിതീഷ് കുമാര്‍ അധികാരകസേര മാത്രം തേടി പാര്‍ട്ടി മാറുന്ന വ്യക്തിയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ബിജെപിയുമായുള്ള സഖ്യം ‘അവസരവാദപരം’ ആണെന്നും അധികാരം നിലനിര്‍ത്താന്‍ വേണ്ടി മാത്രം നിതീഷ് കുമാര്‍ ഇടയ്ക്കിടെ പാര്‍ട്ടികള്‍ മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹാത്മാഗാന്ധിയുടെ മരണത്തിന് കാരണമായ അതേ പ്രത്യയശാസ്ത്രവുമായി അദ്ദേഹം വീണ്ടും കൈകോര്‍ത്തിരിക്കുന്നു, ഖാര്‍ഗെ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ ബിഹാര്‍ സന്ദര്‍ശനം. ആര്‍ജെഡിയും ഇടതുപക്ഷ പാര്‍ട്ടികളുമായി സഖ്യത്തില്‍ ‘മഹാഘട്ബന്ധന്‍’ എന്ന പേരിലാണ് കോണ്‍ഗ്രസ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎയാണ് എതിരാളി . രണ്ടാഴ്ച മുമ്പ് രാഹുല്‍ ഗാന്ധി ബിഹാറിലെ ഒരു മഹാറാലിയില്‍ പങ്കെടുത്തിരുന്നു. കനയ്യകുമാര്‍ നേതൃത്വം നല്‍കിയ യുവജനങ്ങളുടെ റാലിയിലാണ് രാഹുല്‍ പങ്കെടുത്തത് . ജോലി നല്‍കു എന്ന മുദ്രാവാക്യത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്. ബെഗുസരായില്‍ നടന്ന റാലിക്കു ശേഷമാണ് ഖാര്‍ഗെയുടെ റാലി നടന്നത്.
ഗൗതമ ബുദ്ധന്റെ തപസ്സു മുതല്‍ ചമ്പാരനിലെ മഹാത്മാഗാന്ധിയുടെ സത്യാഗ്രഹം വരെ – ജ്ഞാനോദയത്തിന്റെയും പോരാട്ടത്തിന്റെയും നാടാണിതെന്ന് പറഞ്ഞുകൊണ്ടാണ് ഖാര്‍ഗെ ബീഹാറിന്റെ സമ്പന്നമായ പൈതൃകത്തെ പരാമര്‍ശിച്ചത്. നിരവധി മഹാന്മാരായ നേതാക്കളും പരിഷ്‌കര്‍ത്താക്കളും സ്വാതന്ത്ര്യ സമര സേനാനികളും ഈ മണ്ണില്‍ നിന്നാണ് വന്നത്.
ബിജെപി-ജെഡി (യു) സര്‍ക്കാര്‍ ബീഹാറിലെ ജനങ്ങളെ പരാജയപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു, സംസ്ഥാനത്തിന് 2015-ല്‍ 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അത് പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ബീഹാറിലെ ജനങ്ങള്‍ ചോദിക്കണം, ആ പണം എവിടെ? മോദി ജി നുണകളുടെ ഒരു ഫാക്ടറി നടത്തുകയാണ്,’ ഖാര്‍ഗെ പറഞ്ഞു. ബിജെപിയും ആര്‍എസ്എസും ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും എതിരാണെന്നും അവരുടെ നയങ്ങള്‍ സമൂഹത്തെ ജാതി, മത അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.