ഡല്‍ഹിയിലെ ചരിത്രസ്മാരകമായ ഹുമയൂണ്‍സ് ടോംബിനുള്ളില്‍ മതില്‍ ഇടിഞ്ഞുവീണ് വന്‍ ദുരന്തം. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചതെന്നാണ് വിവരം. ഫത്തേ ഷാ ദര്‍ഗയിലാണ് സംഭവം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏഴുപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:51-നാണ് അപകടം നടന്നത്. ഡല്‍ഹി ഫയര്‍ സര്‍വീസിന് വിവരം ലഭിച്ച ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പോലീസ്, എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള അടിയന്തര സേനാംഗങ്ങള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
മധ്യകാലഘട്ടത്തിലെ ഈ പ്രശസ്തമായ ശവകുടീരം യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അപകടകാരണം വ്യക്തമല്ല, സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.