കർഷക പ്രശ്നം അവതരിപ്പിക്കുമ്പോൾ പുച്ഛവും പരിഹാസവും സർക്കാരില്‍ നിന്ന് ഉണ്ടാകുന്നത് ദൗർഭാഗ്യകരം; സഭയില്‍ നിന്നും പ്രതിപക്ഷ വാക്കൗട്ട്

Jaihind Webdesk
Wednesday, February 14, 2024

തിരുവനന്തപുരം: കാർഷിക മേഖലയിലെ വിവിധ പ്രതിസന്ധി അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ച് സർക്കാരിന്‍റെ കർഷക വിരുദ്ധ നയത്തിനും അവഗണയ്ക്കുമെതിരെയുള്ള ശക്തമായ പ്രതിഷേധം പ്രതിപക്ഷം സഭയിൽ ഉയർത്തി. സർക്കാരിന്‍റെ കാർഷിക മേഖലയിലെ പ്രഖ്യാപനങ്ങൾ എല്ലാം കടലാസിൽ മാത്രമാണെന്നും നാളികേര സംഭരണത്തിൽ ഗൗരവകരമായ പരാജയമുണ്ടായതായും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

സംസ്ഥാനം നേരിടുന്ന രൂക്ഷമായ കാർഷിക പ്രതിസന്ധിയും സർക്കാർ കർഷകരോട് കാണിക്കുന്ന അവഗണനയും എണ്ണി പറഞ്ഞുകൊണ്ടാണ് കുറിക്കോളി മൊയ്തീൻ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ അദ്ദേഹത്തിന്‍റെ പ്രസംഗത്തെ തടസ്സപ്പെടുത്തുവാനും അപമാനിക്കുവാനുമുള്ള നീക്കം ഭരണപക്ഷത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത് പ്രതിഷേധത്തിനിടയാക്കി. കടലാസിൽ എഴുതിവച്ചത് കൊണ്ട് കർഷകർക്ക് ഗുണം കിട്ടില്ലെന്നും മന്ത്രി തെറ്റായ കാര്യങ്ങളും കണക്കുകളും ആണ് പറയുന്നതെന്നും കുറിക്കോളി മൊയ്തീൻ കുറ്റപ്പെടുത്തി.

കർഷക പ്രശ്നം സഭയിൽ അവതരിപ്പിക്കുമ്പോൾ പുച്ഛവും പരിഹാസവും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന്‍റെ കാർഷിക മേഖലയിലെ പ്രഖ്യാപനങ്ങൾ എല്ലാം കടലാസിൽ മാത്രമാണെന്നും ഇടുക്കി വയനാട് കുട്ടനാട് പാക്കേജുകൾ പ്രഖ്യാപിച്ചിട്ട് സർക്കാർ പണം നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നാളികേര സംഭരണത്തിൽ ഗൗരവകരമായ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തെ പഴിചാരി കാർഷിക മേഖലയിലെ പ്രതിസന്ധിയിൽ നിന്നും തടിയൂരുവാനുള്ള ശ്രമമാണ് കൃഷി മന്ത്രി സഭയിൽ നടത്തിയത്. ഇതേ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.