സ്ത്രീകള്‍ക്ക് നേരെയുള്ള പീഡന പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല എന്ന് ആരോപിച്ച് ഗൂഗിള്‍ ജീവനക്കാരുടെ വാക്ക്ഔട്ട് പ്രതിഷേധം. ആഗോളവ്യാപകമായി ഗൂഗിളിലെ ജീവനക്കാര്‍ പ്രതിഷേധ ഇറങ്ങിപ്പോക്ക് നടത്തി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഗൂഗിളിന്റെ നയങ്ങളില്‍ തന്നെ കാതലായ മാറ്റം വരുത്തണമെന്നതാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത്തരം അതിക്രമങ്ങള്‍ക്കെതിരായി ലഭിക്കുന്ന പരാതികളെ സ്ഥാപനം കൈകാര്യം ചെയ്യുന്ന രീതിയോടും എതിര്‍പ്പ് ശക്തമായിരുന്നു. ജീവനക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്നം സ്ഥാപനത്തിനുള്ളില്‍ പരിഹകരിക്കാന്‍ ശ്രമിക്കണമെന്ന കമ്പനിയുടെ വ്യവസ്ഥ പലപ്പോഴും പീഡനം നടത്തിയവര്‍ക്ക് അനുകൂലമായി മാറുന്നുവെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. അതിനാല്‍ തന്നെ ഈ വ്യവസ്ഥയോട് ശക്തമായ എതിര്‍പ്പാണ് ജീവനക്കാര്‍ക്കിടയില്‍ ഉള്ളത്. ഇതിനിടെയാണ് ചീഫ് എക്സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ എല്ലാ ജീവനക്കാര്‍ക്കുമായി ഇമെയില്‍ അയച്ചത്. ആവശ്യമായ നടപടികളെടുക്കാന്‍ സ്ഥാപനം ബാധ്യസ്ഥമാണെന്നും ഗൂഗിളിലും മാറ്റം വരുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
പ്രാദേശിക സമയം പതിനൊന്നു മണിക്ക് ഓരോ ഗൂഗിള്‍ ഓഫീസുകളിലേയും ജീവനക്കാര്‍ പ്രതിഷേധിക്കും എന്നാണ് തീരുമാനിച്ചിരിക്കുന്നത്.