‘സർക്കാരിൽ നിന്നും വീണ്ടും വീണ്ടും ചതിക്കപ്പെടുന്നു, ഒരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്’ ; വാളയാറില്‍ നീതി തേടി കുടുംബം

Jaihind News Bureau
Friday, October 9, 2020

 

തിരുവനന്തപുരം: വാളയാർ കേസില്‍ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ പെൺകുട്ടികളുടെ കുടുംബത്തിന്‍റെ സത്യഗ്രഹം. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ വീണ്ടും ചതിക്കപ്പെടുകയാണെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിണറായി വിജയനും ഒരേ പാതയിലാണെന്ന് വ്യക്തമാകുകയാണെന്ന്  സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസില്‍ എന്തുകൊണ്ട് പുനരന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഫൊറന്‍സിക് റിപ്പോർട്ട് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് മാസങ്ങളായിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ല. കേസ് തുടക്കത്തിൽ അന്വേഷിച്ച വാളയാർ എസ്.ഐ പിസി ചാക്കോ, അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സോജൻ എന്നവരുൾപ്പെടെയുളളവരെ സർവ്വീസിൽ നിന്ന് പുറത്തക്കാണമെന്നും ആവശ്യപ്പെട്ടിരുന്നു .

സർക്കാരിൽ നിന്ന് വീണ്ടും വീണ്ടും ചതിക്കപ്പെടുകയാണെന്നും ഒരു മാതാപിതാക്കൾക്കും ഈ ഗതി വരരുത് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകാനുളള തീരുമാനം സർക്കാർ പുനപരിശോധിക്കണം. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2017 ജനവരി 13നും മാർച്ച് നാലിനും ആണ് സഹോദരിമാരായ പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.