വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Jaihind News Bureau
Thursday, December 25, 2025

പാലക്കാട്: വാളയാറില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിനോടകം പിടിയിലായിട്ടുള്ളത്. സംഭവത്തില്‍ സ്ത്രീകളടക്കം ഇനിയും നിരവധി പ്രതികളെ കണ്ടെത്താനുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ (31) എന്ന യുവാവാണ് ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടി ഒരാഴ്ച മുമ്പാണ് ഇയാള്‍ പാലക്കാട് എത്തിയത്. ചെറിയ തോതില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന രാംനാരായണ്‍, പരിചയമില്ലാത്ത സ്ഥലമായതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തുകയായിരുന്നു.

പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ ഇയാളെ കണ്ട് യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇയാളെ തടഞ്ഞുവെച്ചു. ‘കള്ളന്‍’ എന്ന് ആരോപിച്ചും ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചും മണിക്കൂറുകളോളം വിചാരണ ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ക്രൂരമായ മര്‍ദ്ദനമേറ്റ് ഒന്നര മണിക്കൂറോളം രാംനാരായണ്‍ രക്തം വാര്‍ന്ന് റോഡില്‍ കിടന്നു. ഒടുവില്‍ അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആള്‍ക്കൂട്ടക്കൊലപാതകം, എസ്.സി-എസ്.ടി അതിക്രമം തടയല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍ പലരും തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇവര്‍ക്കായി അതിര്‍ത്തി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.