
പാലക്കാട്: വാളയാറില്‍ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്ന സംഭവത്തില്‍ നാലാം പ്രതിയായ ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ ഇതുവരെ അറസ്റ്റിലായ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ ബിജെപി അനുഭാവമുള്ളവരാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ പ്രതികളെ സന്ദര്‍ശിക്കാന്‍ പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജിനീഷ് വാളയാര്‍ പൊലീസ് സ്റ്റേഷനിലെത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ നിര്‍ണ്ണായകമായ ‘തെഹ്സീന്‍ പൂനെവാല’ കേസിലെ വിധി പ്രകാരമാണ് ഈ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐപിഎസിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ പത്തംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. കേസില്‍ എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ശാസ്ത്രീയ തെളിവുകളുടെയും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.