വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങളെ കൂടി പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി.
ഒന്നാം പ്രതി മക്കളുടെ മുന്നില്‍ വെച്ച് അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയെന്നും കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി ബി ഐ മുഖവിലയ്‌ക്കെടുത്തില്ല എന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
2017 ല്‍ രണ്ട് മാസത്തിനുള്ളിലാണ് 13 ഉം 9 ഉം വയസ്സ് പ്രായമുള്ള സഹോദരികളെ വാളയാറിലെ വീടിനടുത്തുള്ള ഒരു ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. 2019 മാര്‍ച്ചില്‍, കേസ് സിബിഐക്ക് കൈമാറാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.