VVPAT slips found on roadside | ബിഹാറില്‍ ആയിരക്കണക്കിന് വിവിപാറ്റ് സ്ലിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; പിന്നാലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Jaihind News Bureau
Saturday, November 8, 2025

സമസ്തിപൂര്‍, ബിഹാര്‍: ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ റോഡരികില്‍ ആയിരക്കണക്കിന് വിവിപാറ്റ് (VVPAT – Voter Verifiable Paper Audit Trail) സ്ലിപ്പുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് വലിയ വിവാദമായി. തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (EC) ഉടന്‍തന്നെ ഇടപെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (CEC) ഗ്യാനേഷ് കുമാര്‍ സംഭവത്തില്‍ വിശദീകരണം തേടി. വീഴ്ച വരുത്തിയ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ (ARO) സസ്‌പെന്‍ഡ് ചെയ്തതായി അറിയിക്കുകയും ചെയ്തു.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ മോക്ക് പോളുകളുടെ (മാതൃകാ വോട്ടെടുപ്പ്) സ്ലിപ്പുകളാണ് കണ്ടെത്തിയതെന്നും, അതിനാല്‍ യഥാര്‍ത്ഥ വോട്ടെടുപ്പിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടില്ലെന്നും സിഇസി ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. ‘സമസ്തിപൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് മോക്ക് പോളുകളുടെ വിവിപാറ്റ് സ്ലിപ്പുകള്‍ ആയതുകൊണ്ട്, വോട്ടെടുപ്പ് പ്രക്രിയയുടെ സുതാര്യതക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും ഡിഎം വിവരം അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, അനാസ്ഥ കാണിച്ച ബന്ധപ്പെട്ട ARO യെ സസ്‌പെന്‍ഡ് ചെയ്യുകയും FIR രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും,’ സിഇസി കുമാര്‍ പറഞ്ഞു.

സമസ്തിപൂരിലെ സരായിരഞ്ജന്‍ അസംബ്ലി മണ്ഡലത്തിലാണ് ഈ സംഭവം നടന്നത്. വ്യാഴാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 121 മണ്ഡലങ്ങളില്‍ ഒന്നാണിത്. ഒരു കോളേജിന് സമീപം റോഡരികിലാണ് വിവിപാറ്റ് സ്ലിപ്പുകള്‍ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

സരായിരഞ്ജന്‍ നിയമസഭാ സീറ്റ് 2010 മുതല്‍ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് വിജയ് കുമാര്‍ ചൗധരിയാണ് വിജയിച്ചു വരുന്നത്. രാഷ്ട്രീയ ജനതാദളിന്റെ അര്‍വിന്ദ് കുമാര്‍ സാഹ്നിയും ജന സൂരാജ് പാര്‍ട്ടിയുടെ സജന്‍കുമാര്‍ മിശ്രയും ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ മത്സരിക്കുന്നത്. ബിഹാറിലെ അവസാന ഘട്ട വോട്ടെടുപ്പ് നവംബര്‍ 11 ന് നടക്കും. ഇരു ഘട്ടങ്ങളിലെയും വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും. വിവിപാറ്റ് സ്ലിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ, ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന തരത്തില്‍ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.