ശശികലയ്ക്കു ജയിലില്‍ വിഐപി പരിഗണന; അഞ്ച് മുറികള്‍, പ്രത്യേകം പാചകക്കാരി, അടുക്കള, നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍

Jaihind Webdesk
Monday, January 21, 2019

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്കു ജയിലില്‍ ലഭിക്കുന്നത് വിഐപി പരിഗണന. അഞ്ച് മുറികള്‍, പ്രത്യേകം പാചകക്കാരി, അടുക്കള, നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളുമായാണ് ശശികലയുടെ ജയില്‍വാസമെന്നാണു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തി നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

ജയിലിലെ സൗകര്യങ്ങളെല്ലാം ശശികല നേടിയെടുത്തതു കൈക്കൂലി നല്‍കിയാണെന്ന് നരസിംഹ മൂര്‍ത്തി ആരോപിച്ചു. ടെലിവിഷന്‍, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം എന്നിവയായിരുന്നു ശശികല ജയിലില്‍ ആവശ്യപ്പെട്ടത്. ജയിലിലെ നാലു മുറികളില്‍ കഴിഞ്ഞിരുന്ന വനിതാ തടവുകാരെ മാറ്റിയാണ് 2017 ഫെബ്രുവരി 14 മുതല്‍ ശശികലയ്ക്ക് അഞ്ച് മുറികള്‍ അനുവദിച്ചത്.ജയിലില്‍ പ്രത്യേകം ഭക്ഷണം പാകം ചെയ്യുന്നതിന് അനുമതിയില്ലെങ്കിലും ഒരു തടവുകാരിയെ ശശികലയ്ക്കു ഭക്ഷണം ഉണ്ടാക്കുന്നതിനായി ജയില്‍ അധികൃതര്‍ നിയോഗിക്കുകയായിരുന്നെന്ന് നരസിംഹ മൂര്‍ത്തി വ്യക്തമാക്കി. ജയിലിലെ നിയമങ്ങളും രീതികളും മറികടന്ന് ശശികലയെ കാണുന്നതിനു സംഘമായാണ് ആളുകളെത്തുന്നത്. നേരിട്ട് ശശികലയുടെ മുറിയിലെത്തുന്ന സന്ദര്‍ശകര്‍ 3–4 മണിക്കൂര്‍ വരെ ജയിലില്‍ ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശികലയ്‌ക്കെതിരെ സമാനമായ കണ്ടെത്തലുമായി നേരത്തേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ ഡി. രൂപ രംഗത്തെത്തിയിരുന്നു. 2 കോടി രൂപയോളം കൈക്കൂലി നല്‍കിയാണ് ശശികല ജയിലില്‍ വിഐപി പരിഗണന സ്വന്തമാക്കിയതെന്നും തന്റെ മേലുദ്യോഗസ്ഥനായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസന്‍സ് എച്ച്.എന്‍. സത്യനാരായണ റാവുവിനും ഇതില്‍ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഇതിനു പിന്നാലെ ഡി. രൂപയെ സ്ഥലംമാറ്റുകയായിരുന്നു. നിയമങ്ങള്‍ കാറ്റില്‍ പറത്തി ശശികലയും സഹായികളും ജയിലില്‍ നിരവധി സൗകര്യങ്ങള്‍ നേടിയെടുത്തതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.ജയില്‍ അധികൃതരുടെ റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളുമാണ് അന്വേഷണ സംഘം പരിശോധിച്ചത്. ജയിലിലെ മറ്റു കുറ്റവാളികള്‍ക്ക് മാസത്തില്‍ രണ്ടു തവണ മാത്രമാണു സന്ദര്‍ശകരെ അനുവദിച്ചിരുന്നത്. എന്നാല്‍ ശശികലയ്ക്ക് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളേതുമുണ്ടായിരുന്നില്ല. അഞ്ച് മുറികളും ഭക്ഷണം പാകം ചെയ്തു നല്‍കാന്‍ അജന്ത എന്ന പാചകക്കാരിയെയും ചുമതലപ്പെടുത്തിയിരുന്നെന്നും സംഘം കണ്ടെത്തി.