രാഷ്ട്രീയത്തിലെ സൗമ്യമുഖത്തിന് വിട ; വി.വി പ്രകാശിന് അന്ത്യാഞ്ജലികള്‍ അർപ്പിച്ച് കേരളം

Jaihind Webdesk
Thursday, April 29, 2021

 

മലപ്പുറം : ഡിസിസി അധ്യക്ഷനും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ.വി.വി പ്രകാശിന് രാഷ്ട്രീയ കേരളത്തിന്‍റെ അന്ത്യാഞ്ജലി. സംസ്കാരം നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തില്‍ എടക്കരയിലെ  പാലുണ്ട ശ്മശാനത്തില്‍ നടന്നു. തെരഞ്ഞെടുപ്പ്ഫലം വരാനിരിക്കെ  വി.വി പ്രകാശിന്‍റെ വിയോഗം നിലമ്പൂർ എന്ന മലയോര ഗ്രാമത്തിന് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.

പുലർച്ചെ 4:30 ഓടെയാണ് മലപ്പുറം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷന്‍റെ അപ്രതീക്ഷിത വിയോഗ വാർത്ത പുറത്തുവന്നത്. വിവരമറിഞ്ഞതോടെ നേതാക്കളും പ്രവർത്തകരും നാട്ടുകാരും  മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ ഒഴുകിയെത്തി. രാവിലെ 6:15ന്  ഭൗതികശരീരം ഡിസിസി ഓഫീസിൽ എത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്കുകാണാൻ  നിരവധിപേർ ഡിസിസി ഓഫീസിലേക്ക് എത്തിക്കൊണ്ടേയിരുന്നു. തുടർന്ന് എടക്കരയിലെ വീട്ടിലേക്ക് ഭൗതികശരീരം കൊണ്ടു വന്നു.

ഉച്ചയ്ക്ക് 2.30മുതൽ  4:40വരെ എടക്കര ബസ്റ്റാന്‍റില്‍ പൊതുദർശനം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ.ബാബു, പി.ടി തോമസ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അന്ത്യാഞ്ജലിയർപ്പിക്കാൻ എടക്കരയിലേക്ക് എത്തിയിരുന്നു. എടക്കരയുടെ സ്വന്തം പ്രകാശേട്ടൻ ഇനി ജനമനസ്സുകളിൽ ജീവിക്കും.