ഇന്ന് വിജയദശമി ; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Jaihind Webdesk
Friday, October 15, 2021

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തെ ദേവീ ക്ഷേത്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതി ദേവീ ക്ഷേത്രത്തിലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പനച്ചിക്കാട്, വടക്കൻ പറവൂർ സരസ്വതീക്ഷേത്രങ്ങളിൽ നൂറുകണക്കിനു കരുന്നുകൾ വിദ്യാരംഭത്തിനെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങുകളില്ല.

മൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പനച്ചിക്കാട് സരസ്വതി ദേവീ ക്ഷേത്രത്തിന്‍റെ ഐതിഹ്യം. ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. അതിനാൽ വിദ്യാരംഭവുമായി ബന്ധപ്പെട്ട പൂജകൾക്ക് ഇവിടെ ഏറെ പ്രാധാന്യമുണ്ട്. രാവിലെ നാല് മണിയോട് കൂടി ക്ഷേത്രത്തിന്‍റെ നട തുറന്നു. തുടർന്ന് ആദ്യാ അക്ഷരം കുറിക്കാനായി നിരവധി കുരുന്നുകളാണ് തങ്ങളുടെ മാതാപിതാക്കൾക്ക് ഒപ്പം എത്തിയത്. മൂകാംബിക ക്ഷേത്രത്തിലേത് പോലെ വർഷത്തിൽ ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം.

കൊവിഡിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആചാര്യന്മാർക്ക് പകരം കുട്ടികളുടെ അച്ഛനമ്മമാർ തന്നെയാണ് ഇത്തവണ അവരുടെ ഹരിശ്രീ കുറിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിൽ പലർക്കും എതിർപ്പുണ്ട്. നിരവധി പേരാണ് കൊവിഡ് കാലമാണെങ്കിലും തങ്ങളുടെ കുട്ടികളുമായി ഹരിശ്രീ കുറിക്കാൻ പനച്ചിക്കാട് സരസ്വതി ദേവീ ക്ഷേത്രത്തിൽ എത്തിയത്. എന്നാൽ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പാലിച്ചാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം പുജപ്പുര സരസ്വതി മണ്ഡപത്തിലും വിദ്യാരംഭച്ചടങ്ങുകൾ പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.