‘കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസുമായി ജനങ്ങള്‍’: ചിത്രം പങ്കുവെച്ച് വി.ടി ബല്‍റാം; ഡിവൈഎഫ്ഐ പോസ്റ്ററിന് മറുപടി

മലപ്പുറം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കുന്ന ബാനർ ഇറക്കിയ ഡിവൈഎഫ്ഐക്ക് മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം. പെരിന്തൽമണ്ണയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡിവൈഎഫ്ഐയുടെ പേരിലുള്ള കറുത്ത ബാനർ പ്രത്യക്ഷപ്പെട്ടത്. പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനർ. എന്നാല്‍ ഇതേ കെട്ടിടത്തിൽ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര കാണാൻ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കയറി നില്‍ക്കുന്നതിന്‍റെ ചിത്രമാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസുമായി ജനങ്ങൾ’ എന്ന കുറിപ്പോടെയായിരുന്നു ബല്‍റാമിന്‍റെ പോസ്റ്റ്.

ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന പ്രസക്തമായ മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വന്‍ ജനപങ്കാളിത്തത്തിലും സ്വീകാര്യതയിലും ബിജെപിയെ പോലെ തന്നെ സിപിഎമ്മും കടുത്ത അസ്വസ്ഥരാണ്. ഒളിഞ്ഞും തെളിഞ്ഞും യാത്രയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഇരുകൂട്ടരും ഉന്നയിക്കുന്നത്. എന്നാല്‍ പഠിച്ച പണികളെല്ലാം പയറ്റിയിട്ടും യാത്രയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ഓരോ ദിവസവും യാത്രയ്ക്കുള്ള ജനപങ്കാളിത്തം അഭൂതപൂർവമായ രീതിയില്‍ വർധിക്കുകയാണ്. അണമുറിയാത്ത മഹാപ്രവാഹമായി യാത്ര ഐക്യസന്ദേശവുമായി പ്രയാണം തുടരുകയാണ്.

 

Comments (0)
Add Comment