പൃഥ്വിരാജിന്റേത് നമ്മളോരോരുത്തരുടേയും ശബ്ദം, ഈ വേട്ടയാടൽ അംഗീകരിക്കാനാകില്ല : വി.ടി ബൽറാം

Jaihind Webdesk
Thursday, May 27, 2021

തിരുവനന്തപുരം : ലക്ഷദ്വീപിൽ കേന്ദ്രം നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരെ പ്രതികരിച്ചതിന് സംഘ് പരിവാർ കേന്ദ്രങ്ങളിൽ നിന്നും വ്യാപക സൈബർ ആക്രമണമാണ് നടൻ പൃഥ്വിരാജ് നേരിടുന്നത്. സംഘ് പരിവാറിന്റെ വാർത്താ ചാനലും പൃഥ്വിരാജിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. പൃഥ്വിരാജിന്റെ കണ്ണീർ  ജിഹാദികൾക്കു വേണ്ടിയാണെന്നായിരുന്നു ചാനലിന്റെ പ്രതികരണം. ഇപ്പോഴിതാ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎ വി.ടി ബൽറാം.

പൃഥ്വിരാജിനെതിരെ സംഘ് പരിവാറിൻ്റെ വാർത്താ ചാനൽ നേരിട്ട് നടത്തുന്ന ഈ വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിൻ്റെ സുരക്ഷിത താവളങ്ങളിൽ തലയൊളിപ്പിച്ചപ്പോൾ ആർജ്ജവത്തോടെ ഉയർന്നു കേട്ട വിയോജിപ്പിൻ്റെ ശബ്ദമായിരുന്നു പൃഥ്വിരാജിൻ്റേത്. അത് ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവർഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്ക്കാരിക പ്രവർത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല.’- ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.