പാലക്കാട് : ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടുനല്‍കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. സര്‍ക്കാര്‍ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ഒരു സ്വകാര്യവ്യക്തിക്ക് നല്‍കാന്‍ പിണറായി സര്‍ക്കാരിന് എന്തധികാരമാണുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനവുമാണ് പിണറായി വിജയൻ്റെ ഇരട്ട ലക്ഷ്യമെന്നും ബല്‍റാം പറഞ്ഞു.
ആരെങ്കിലും യോഗ സെൻ്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരിൽ ഒരപേക്ഷയുമായി വന്നാൽ ചുമ്മാതങ്ങ് നൽകാനുള്ളതാണോ സർക്കാർ വക ഭൂമി? തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഐടി സംരംഭങ്ങൾക്ക് സ്ഥലമനുവദിക്കുന്നത് പോലെ യോഗ പ്രോത്സാഹനത്തിന് സർക്കാർ ഭൂമി അനുവദിക്കുന്ന ഏതെങ്കിലും പ്രഖ്യാപിത നയം ആയുഷ് ഡിപ്പാർട്ട്മെൻ്റോ വഴി സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ടോ?– വി.ടി ബല്‍റാം ചോദിച്ചു.
ഹൗസിംഗ് ബോർഡിൻ്റെ കൈവശത്തിലുള്ള സ്ഥലമാണ് യോഗ ഗുരുവിൽ നിന്ന് ആൾദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആർഎസ്എസ് സഹയാത്രികന് കൈമാറുന്നതെന്ന് കാണുന്നു. പാവപ്പെട്ടയാളുകൾക്ക് വീട് വച്ചുനൽകാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയൻ്റെ സ്വന്തക്കാർക്ക് നൽകാൻ?
കൊട്ടിഘോഷിക്കപ്പെടുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റ് വച്ചുനൽകലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാലിത് എവിടെയുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത് പഞ്ചായത്തുകൾ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തത് കൊണ്ടാണ്. ഇങ്ങനെയുള്ളപ്പോഴാണ് 400 പേർക്കെങ്കിലും ഫ്ലാറ്റ് നിർമ്മിച്ചു നൽകാൻ കഴിയുന്ന പൊതുഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത്- ബല്‍റാം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
തലസ്ഥാനത്ത് നാലേക്കർ സർക്കാർ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീഎം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക് നൽകാൻ പിണറായി വിജയൻ ഗവൺമെൻ്റിന് എന്തധികാരമാണുള്ളത്! പത്തു വർഷത്തേക്കെന്ന പേരിൽ ഭൂമി പാട്ടത്തിന് കൈമാറിക്കഴിഞ്ഞാൽപ്പിന്നെ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയാൽ മതി എന്നതാണല്ലോ കേരളത്തിൻ്റെ അനുഭവം.
ആരെങ്കിലും യോഗ സെൻ്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരിൽ ഒരപേക്ഷയുമായി വന്നാൽ ചുമ്മാതങ്ങ് നൽകാനുള്ളതാണോ സർക്കാർ വക ഭൂമി? തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഐടി സംരംഭങ്ങൾക്ക് സ്ഥലമനുവദിക്കുന്നത് പോലെ യോഗ പ്രോത്സാഹനത്തിന് സർക്കാർ ഭൂമി അനുവദിക്കുന്ന ഏതെങ്കിലും പ്രഖ്യാപിത നയം ആയുഷ് ഡിപ്പാർട്ട്മെൻ്റോ വഴി സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ടോ?
ഹൗസിംഗ് ബോർഡിൻ്റെ കൈവശത്തിലുള്ള സ്ഥലമാണ് യോഗ ഗുരുവിൽ നിന്ന് ആൾദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആർഎസ്എസ് സഹയാത്രികന് കൈമാറുന്നതെന്ന് കാണുന്നു. പാവപ്പെട്ടയാളുകൾക്ക് വീട് വച്ചുനൽകാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയൻ്റെ സ്വന്തക്കാർക്ക് നൽകാൻ? കൊട്ടിഘോഷിക്കപ്പെടുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റ് വച്ചുനൽകലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാലിത് എവിടെയുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത് പഞ്ചായത്തുകൾ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തത് കൊണ്ടാണ്. ഇങ്ങനെയുള്ളപ്പോഴാണ് 400 പേർക്കെങ്കിലും ഫ്ലാറ്റ് നിർമ്മിച്ചു നൽകാൻ കഴിയുന്ന പൊതുഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത്.
പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനമാണ് പിണറായി വിജയൻ്റെ ഇരട്ട ലക്ഷ്യം.
ഇതെന്തൊരു നെറികെട്ട സർക്കാരാണ് !