മിനി കൂപ്പറില്‍ ഫൈസല്‍, ‘ജയ് ശ്രീറാം’ ഫ്ലക്സ് ഉയര്‍ത്തി ബിജെപി ; ജനാധിപത്യത്തിന്‍റെ ദുര്യോഗമെന്ന് വി.ടി ബല്‍റാം

Jaihind News Bureau
Thursday, December 17, 2020

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ ഫ്ലക്സ് ഉയര്‍ത്തിയ ബിജെപി നടപടിക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. ഇങ്ങനേയും ചിലത് കാണേണ്ടി വരുന്നു എന്നതാണ് ജനാധിപത്യത്തിന്‍റെ ദുര്യോഗം എന്ന് ചിത്രം പങ്കുവെച്ച് വി.ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് നഗരസഭ കെട്ടിടത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തി ബിജെപി ആഹ്ലാദപ്രകടനം നടത്തിയത്. കെട്ടിടത്തിന്‍റെ ഒരുവശത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്. ബിജെപി നടപടിക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഭരണഘടനം സ്ഥാപനത്തിനു മുകളില്‍ ഫ്ലക്സ് ഉയർത്തിയ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

മിനി കൂപ്പര്‍ കാറിലെ കാരാട്ട് ഫൈസലിന്റെ ആഹ്ലാദപ്രകടനത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ജനാധിപത്യത്തിന്റെ അപചയമാണ് സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച ശേഷം കാരാട്ട് ഫൈസൽ നടത്തിയ കൂപ്പർ പ്രകടനമെന്ന് അദ്ദേഹം വിമർശിച്ചു.