‘പിണറായിയുടെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യം ലഭിക്കാതെ ജയിലില്‍’

Jaihind Webdesk
Wednesday, July 20, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. സർക്കാർ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നുവി.ടി ബല്‍റാം മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. പിടികിട്ടാപ്പുള്ളി എന്ന് പോലീസ് പറഞ്ഞപ്പോഴും പാര്‍ട്ടി പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്ന, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ കാര്യം സൂചിപ്പിച്ചായിരുന്നു ബല്‍റാമിന്‍റെ വിമർശനം.

“എന്താണ് “വധശ്രമം” എന്നതിനേക്കുറിച്ച് പിണറായി വിജയന്‍റെയും പോലീസിന്‍റെയും വ്യാഖ്യാനം എന്തുതന്നെയായിരുന്നാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് അതേക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ട്. അതുകൊണ്ടാണ് ശബരീനാഥന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിക്കപ്പെട്ടതും പിണറായി വിജയന്‍റെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യം ലഭിക്കാതെ അകത്ത് കിടക്കുന്നതും” – വി.ടി ബൽറാം ഫേസ്ബുക്കില്‍ കുറിച്ചു.

2018 ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആർഷോ. സമര കേസുകളിലും നിരവധി   ക്രിമിനൽ കേസുകളിലും പ്രതിയായ പിഎം ആർഷോ പിടികിട്ടാപ്പുള്ളിയാണെന്നായിരുന്നു കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. 2022 ഫെബ്രുവരി 28നാണ് ഹൈക്കോടതി ആർഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018 ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും അർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ്  അധ്യക്ഷനായ ബെഞ്ച് പിഎം ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാൽ പോലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാർത്ഥി നേതാവ് പെരിന്തൽമണ്ണയിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തു. സമ്മേളനം അവസാനിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്. ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു എന്ന പരാതിയാണ് ആർഷോക്കെതിരെ അന്ന് ഉയർന്നത്. അപ്പോഴും എസ്എഫ്ഐ ആർഷോയ്ക്ക് പിന്തുണ നൽകിയിരുന്നു. എറണാകുളം ലോ കോളേജിലെ റാഗിംഗ് പരാതിയിലും ആർഷോ പ്രതിയാണ്. തുടർന്ന് ആര്‍ഷോയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസമായി ജയിലിലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി.