‘എന്നാലും സഖാവ് ശ്രീമതി മാത്രം കേട്ട ആ അതിഭയങ്കര ശബ്ദം എന്തായിരിക്കും?’: വി.ടി ബല്‍റാം

എകെജി സെന്‍ററിന് നേരെ പടക്കം എറിഞ്ഞ് 16 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാത്തത് ആഭ്യന്തരവകുപ്പിനും പോലീസിനും മാത്രമല്ല, സര്‍ക്കാരിനും സിപിഎമ്മിനും വലിയ നാണക്കേടായിരിക്കെ പരിഹാസവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം. എകെജി സെന്‍റര്‍ കുലുങ്ങുന്ന തരത്തില്‍ വന്‍ സ്ഫോടന ശബ്ദം കേട്ടെന്നായിരുന്നു പി.കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞത്. സ്റ്റീല്‍ ബോംബ് ആക്രമണമെന്നാണ് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍റെ ‘കണ്ടെത്തല്‍’. പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്നും ജയരാജന്‍ മിനിറ്റുകള്‍ക്കകം പ്രവചിച്ചു. ഇതോടെ പ്രതിസന്ധിയിലായത് പോലീസാണ്. സുരക്ഷിത മേഖലയില്‍ ആക്രമണം നടത്തിയ യഥാര്‍ത്ഥ പ്രതിയെ മിനിറ്റുകള്‍ക്കകം കണ്ടെത്താമെന്നിരിക്കെ ദിവസം 16 കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പി ‘അന്വേഷണം’ തുടരുകയാണ് പിണറായി പോലീസ്. തീവ്രവാദി ആക്രമണം എന്നതുപോലെ തുടങ്ങി ഇപ്പോള്‍ പടക്ക കച്ചവടക്കാരെ തിരയുന്ന അവസ്ഥയിലാണ് പോലീസുള്ളത്. ഇതിനെ പരിഹസിച്ചായിരുന്നു വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

 

ശോ… എന്തൊരു ഗതികേടാണ്
കമ്മ്യൂണിസത്തെ തകർക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ആഗോള ഗൂഢാലോചനയിൽ തുടങ്ങിയ അന്വേഷണമാണ്.
ഇപ്പോഴിതാ ദീപാവലി സമയത്തെ പടക്കക്കച്ചവടക്കാരിൽ എത്തിനിൽക്കുന്നു!
എന്നാലും സഖാവ് ശ്രീമതി കേട്ട, ശ്രീമതി മാത്രം കേട്ട, ആ കെട്ടിടം തകരുന്ന പോലത്തെ അതിഭയങ്കരമായ ശബ്ദം എന്തായിരിക്കും?

പടക്കമെറിഞ്ഞതിന് തൊട്ടുപിന്നാലെ കലാപക്കൊടി പിടിച്ച് ഇറങ്ങിയ സിപിഎമ്മും നേതാക്കളും യുദ്ധസമാന സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. ഇതിന്‍റെ പേരില്‍ നിരവധി കോണ്‍ഗ്രസ് ഓഫീസുകളും തകർക്കപ്പെട്ടു. അതേസമയം എകെജി സെന്‍റര്‍ ആക്രമണം സിപിഎമ്മിന്‍റെ തന്നെ നാടകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതുകൊണ്ടാണ് പ്രതിയെ പിടിക്കാന്‍ കഴിയാത്തതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം വലിയ ചര്‍ച്ചയായതോടെ സിപിഎമ്മിനും നേതാക്കള്‍ക്കും പൊതുസമൂഹത്തിന് മുന്നില്‍ വീണ്ടും മുഖം നഷ്ടമായി. ഇപ്പോള്‍ എകെജി സെന്‍റര്‍ നാടകത്തില്‍ സിപിഎമ്മും നേതാക്കളും അപഹാസ്യരായതോടൊപ്പം ആഭ്യന്തരവകുപ്പിന്‍റെയും പോലീസിന്‍റെയും കഴിവില്ലായ്മയും എടുത്തുകാട്ടപ്പെട്ടു. എന്തായാലും എകെജി പടക്കമേറില്‍ പുലിവാല് പിടിച്ച അവസ്ഥയിലാണ് സിപിഎം ഇപ്പോള്‍.

Comments (0)
Add Comment