പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്‍റെ ഡയറക്ടർ മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനി കണ്‍സള്‍ട്ടന്‍റ് കൂടിയാണ് ! വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പ്

Jaihind News Bureau
Sunday, June 28, 2020

സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഇ മൊബിലിറ്റി അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ട കമ്പനിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം സൂചിപ്പിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ മകള്‍ ഡയറക്ടറായ എക്സാലോജിക് എന്ന കമ്പനിയുടെ കണ്‍സള്‍ട്ടന്‍റ് കൂടിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്‍റെ ഡയറക്ടർ ജെയ്ക്ക് ബാലകുമാർഎന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

4500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പർ എന്ന വിദേശ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെളിവുകള്‍ സഹിതം ഇന്ന് പുറത്തുവിട്ടിരുന്നു. സെബി നിരോധനം ഏർപ്പെടുത്തിയ കമ്പനിക്ക് തന്നെ ഇത്തരത്തില്‍ കരാര്‍ നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രിക്ക് ഈ കമ്പനിയുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറുമായി ഉള്ള ബന്ധം സൂചിപ്പിച്ച് വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിട്ടത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനമാണ് ഐ.ടി കമ്പനിയായ എക്സാലോജിക്. ഈ കമ്പനിയുടെ വെബ്സൈറ്റിലാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയുടെ ഡയറക്ടറായ ജെയ്‌ക് ബാലകുമാറിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ജെയ്‌‍ക്കുമായി കമ്പനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നാണ് വെബ്സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്.

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

”Exalogic Solutions എന്ന കമ്പനിയുമായി “വളരെ വ്യക്തിപരമായ” തലത്തിൽ ഇടപെടുകയും അതിന്‍റെ സംരംഭകർക്ക് തന്‍റെ “അപാരമായ അറിവ് ഉപയോഗിച്ച് മാർഗദർശനം നൽകുക”യും ചെയ്യുന്ന കൺസൾട്ടന്‍റാണ് ജെയ്ക്ക് ബാലകുമാർ.

ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.”