‘കേന്ദ്രത്തിന്‍റെ പ്രശംസ’ സർക്കാരിന്‍റെ യൂ ടേണിനുള്ള ട്രോള്‍, അത് പോലും മനസിലാക്കാത്തവരുടെ ആഘോഷം; പരിഹസിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Friday, June 26, 2020

 

പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്രം രംഗത്തെത്തി എന്ന തരത്തില്‍ പുറത്തുവന്ന കത്ത് പ്രചരിപ്പിച്ചതിനെ പരിപഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. കത്ത് എങ്ങനെയാണ് കേരളത്തിനുള്ള പ്രശംസയായി വായിച്ചെടുത്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

“പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ കേരളം സ്വീകരിച്ച നടപടികൾക്ക് കേന്ദ്രത്തിന്‍റെ  പ്രശംസ” എങ്ങനെയാണ് ചിലർ വായിച്ചെടുത്തതെന്ന് മനസ്സിലാവുന്നില്ല. രണ്ടാമത്തെ പാരഗ്രാഫിലെ ആദ്യത്തെ വരിയാണ് ഉദ്ദേശിച്ചതെങ്കിൽ അതിന് അങ്ങനെയൊരർത്ഥം ഉണ്ടെന്ന് ഇംഗ്ലീഷിൽ സാമാന്യജ്ഞാനം ഉള്ള ആർക്കും പറയാൻ സാധിക്കില്ല.

ട്രൂ നാറ്റ് ടെസ്റ്റും കുന്തവും കുടച്ചക്രവുമൊക്കെ വേണമെന്ന് ഇതുവരെ ശാഠ്യം പിടിച്ചിരുന്ന കേരളം N95 മാസ്ക്കും ഫേസ് ഷീൽഡുമൊക്കെ മതി എന്ന പ്രായോഗിക സമീപനത്തിലേക്ക് വന്നതിനെയാണ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ പ്രശംസിച്ചതായി കാണുന്നത്.

അതായത് സർക്കാരിന്‍റെ  യൂ ടേണിനെ അയാൾ നൈസായി ട്രോളി എന്നർത്ഥം. അത് പോലും മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തവർ ഈ കത്തും പൊക്കിപ്പിടിച്ച് പ്രശംസയായി ആഘോഷിക്കുന്നു. കഴിഞ്ഞ ദിവസത്തെ ”ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം” പോലെ മറ്റൊന്ന്- ബല്‍റാം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കാര്യം കേന്ദ്രവും കേരളവും അടയും ചക്കരയും ആയതിനാൽ അങ്ങോട്ടുമിങ്ങോട്ടും ചുമ്മാ കേറി അഭിനന്ദിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. രണ്ടും ഒരുപോലെ പരാജയമായതിനാൽ പരസ്പരം പുകഴ്ത്തുക എന്നതും ഒരു സേഫ് സ്ട്രാറ്റജിയാണ്. ഔദ്യോഗിക തലങ്ങളിലെ എഴുത്തുകുത്തുകളിലാവട്ടെ, സുജന മര്യാദയുടെ പേരിലുള്ള ഉപചാര വാക്കുകളൊക്കെ ബ്രിട്ടീഷ് കാലം മുതൽ നിലനിന്നുപോരുന്നതുമാണ്.

എന്നിരുന്നാലും ഈക്കാണിച്ചിരിക്കുന്ന കത്തിൽ “പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ കേരളം സ്വീകരിച്ച നടപടികൾക്ക് കേന്ദ്രത്തിൻ്റെ പ്രശംസ” എങ്ങനെയാണ് ചിലർ വായിച്ചെടുത്തതെന്ന് മനസ്സിലാവുന്നില്ല. രണ്ടാമത്തെ പാരഗ്രാഫിലെ ആദ്യത്തെ വരിയാണ് ഉദ്ദേശിച്ചതെങ്കിൽ അതിന് അങ്ങനെയൊരർത്ഥം ഉണ്ടെന്ന് ഇംഗ്ലീഷിൽ സാമാന്യജ്ഞാനം ഉള്ള ആർക്കും പറയാൻ സാധിക്കില്ല.

ട്രൂ നാറ്റ് ടെസ്റ്റും കുന്തവും കുടച്ചക്രവുമൊക്കെ വേണമെന്ന് ഇതുവരെ ശാഠ്യം പിടിച്ചിരുന്ന കേരളം N95 മാസ്ക്കും ഫേസ് ഷീൽഡുമൊക്കെ മതി എന്ന പ്രായോഗിക സമീപനത്തിലേക്ക് വന്നതിനെയാണ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ പ്രശംസിച്ചതായി കാണുന്നത്.

അതായത് സർക്കാരിൻ്റെ യൂ ടേണിനെ അയാൾ നൈസായി ട്രോളി എന്നർത്ഥം. അത് പോലും മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തവർ ഈ കത്തും പൊക്കിപ്പിടിച്ച് പ്രശംസയായി ആഘോഷിക്കുന്നു. കഴിഞ്ഞ ദിവസത്തെ ”ഐക്യരാഷ്ട്രസഭയുടെ പുരസ്ക്കാരം” പോലെ മറ്റൊന്ന്.

കേരളത്തേക്കുറിച്ച് നാലാള് നല്ലത് പറയുന്നത് കേൾക്കാൻ എല്ലാവർക്കും ഇഷ്ടം തന്നെയാണ്. പക്ഷേ, ഇവിടെ നടന്നുവരുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യമറിയുന്നവർക്ക് വസ്തുതകൾക്ക് നിരക്കാത്ത അമിതമായ പിആർ തള്ളുകളിലെ അരോചകത്വം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും എന്ന് മാത്രം. ഏതായാലും പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിലൊക്കെ കേരള സർക്കാർ പ്രശംസയർഹിക്കുന്നു എന്ന് ചിന്തിക്കാൻ പോലുമുള്ള ആ ചങ്കൂറ്റമുണ്ടല്ലോ, അതിന് കൊടുക്കണം നൂറ് കുതിരപ്പവൻ!