‘സാക്ഷിയായോ പ്രതിയായോ വന്നേക്കാവുന്ന ആളും അന്വേഷണ കമ്മിറ്റി സഹായി’; സർക്കാർ ഉത്തരവിനെതിരെ വി.ടി ബല്‍റാം, കുറിപ്പ്

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ അന്വേഷണ കമ്മിറ്റിയുടെ സഹായത്തിനായി നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ സിപിഎം സംഘടനാ നേതാക്കൾ തന്നെയെന്ന് വി.ടി ബല്‍റാം എംഎല്‍എ. ഒരാൾ മുൻപ് കോടിയേരി ബാലകൃഷ്ണന്‍റെ പി എ ആയിരുന്ന സിപിഎം സംഘടനാ നേതാവാണെന്നും  അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇവരില്‍ ഒരാളുടെ സീറ്റിനടുത്തു നിന്നാണ് തീപിടിത്തം ആരംഭിച്ചത് എന്നാണ് ഇപ്പോൾത്തന്നെ ഉയർന്നിട്ടുള്ള ആരോപണം. അന്വേഷണത്തിൽ സാക്ഷിയായോ ഒരുപക്ഷേ പ്രതിയായോ പോലും വന്നേക്കാവുന്ന ഒരാളെ അന്വേഷണ കമ്മിറ്റി സഹായിയായി ഔദ്യോഗിക ഉത്തരവിലൂടെ നിയമിച്ചു കൊടുക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും ബല്‍റാം കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം അന്വേഷിക്കുന്ന ഡോ.കൗസിഗൻ ഐഎഎസിൻ്റെ കമ്മിറ്റിയുടെ സഹായത്തിനായി High Integrity അഥവാ വലിയ വിശ്വാസ്യതയും സത്യസന്ധതയുമുള്ള കുറച്ച് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ച് സർക്കാർ ഉത്തരവായിരിക്കുന്നു.
ഉത്തരവ് കണ്ടപ്പോൾ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ:
1) തീപ്പിടിക്കപ്പെട്ട യൂണിറ്റിലെ ഫിസിക്കൽ ഫയലുകൾ എണ്ണിത്തിട്ടപ്പെടുത്താനാണ് ഇവരെ സഹായത്തിനായി നിയോഗിച്ചിരിക്കുന്നത്. അപ്പോൾ അവിടുള്ള എല്ലാം ഇ-ഫയലുകൾ അല്ല, ഫിസിക്കൽ ഫയലുകളും ഉണ്ട് എന്ന് വ്യക്തമാവുന്നു.
2) വ്യക്തിപരമായ വിശ്വാസ്യതയുണ്ടെന്ന് പറഞ്ഞ് ഇങ്ങനെ കടന്നുവരുന്ന ഒരാൾ മുൻപ് കോടിയേരി ബാലകൃഷ്ണൻ്റെ പിഎ ആയിരുന്ന സിപിഎം സംഘടനാ നേതാവാണ്. ഇദ്ദേഹത്തിൻ്റെ ഫോട്ടോയാണ് സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രധാന പ്രതി സ്വപ്ന സുരേഷിനൊപ്പം ഈയടുത്ത ദിവസം പുറത്തുവന്നത്. ഏതായാലും ഒരു ഫോട്ടോയുടെ പേരിൽ മാത്രം ഇക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ High Integrity യെ സംശയിക്കാൻ പാടില്ലെന്ന സർക്കാർ നിലപാടിനെ തൽക്കാലം നമുക്കംഗീകരിക്കാം.
3) സഹായിക്കാൻ വരുന്ന മറ്റുള്ളവരും സിപിഎം സംഘടനാ നേതാക്കൾ തന്നെയാണ്. ഇതിൽ ഒരാളുടെ സീറ്റിനടുത്തു നിന്നാണ് തീപ്പിടുത്തം ആരംഭിച്ചത് എന്നാണ് ഇപ്പോൾത്തന്നെ ഉയർന്നിട്ടുള്ള ആരോപണം. അന്വേഷണത്തിൽ സാക്ഷിയായോ ഒരുപക്ഷേ പ്രതിയായോ പോലും വന്നേക്കാവുന്ന ഒരാളെ അന്വേഷണക്കമ്മിറ്റി സഹായിയായി ഔദ്യോഗിക ഉത്തരവിലൂടെ നിയമിച്ചു കൊടുക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.
ഏതായാലും ഇനി ഇപ്പോ High Integrity ഉളളവർ ഇല്ലാത്തത് കൊണ്ട് അന്വേഷണം നടക്കാതിരിക്കണ്ട. നടക്കട്ടെ നടക്കട്ടെ.

 

 

 

https://www.facebook.com/photo/?fbid=10157932100214139&set=a.10150384522089139

Comments (0)
Add Comment