‘തലതിരിഞ്ഞ തീരുമാനങ്ങൾക്ക്  തലവെച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വിവരദോഷവും കാര്യപ്രാപ്തിയില്ലായ്മയും; ഇത് മനസിലാക്കിയ അവതാരമാണ് ശിവശങ്കർ’; വിമർശിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Saturday, July 18, 2020

 

ഇടതുസര്‍ക്കാരിന്‍റെ വിവിധ വിഷയങ്ങളിലെ തീരുമാനമെടുക്കല്‍ രീതിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. തലതിരിഞ്ഞ തീരുമാനങ്ങൾക്ക് സ്ഥിരമായി തലവെച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വിവരദോഷവും ഭരണകാര്യങ്ങളിലുള്ള കാര്യപ്രാപ്തിയില്ലായ്മയുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിവില്ലായ്മയിൽ നിന്നുത്ഭവിക്കുന്ന അപകർഷതാബോധവും അത് മറച്ചു പിടിക്കാനുള്ള ധാർഷ്ഠ്യവും മസിലുപിടുത്തവുമാണ് പിണറായി വിജയന്‍റെ  മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയാകുന്നതിന് മുൻപ് പിണറായി വിജയൻ പല വിഷയങ്ങളെക്കുറിച്ചും സംസാരിക്കാറുള്ളത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും അദ്ദേഹം ഐടി സംബന്ധമായ ഒരു വിഷയത്തിൽ ഒരഭിപ്രായം പറഞ്ഞതായി നമുക്കോർമ്മയില്ല. ഐടി വകുപ്പുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യങ്ങൾക്കും എഴുതി തയ്യാറാക്കി കൊണ്ടുവരുന്നതിനപ്പുറം ഒരു വാക്ക് പറയാൻ പിണറായി വിജയന് കഴിയാറില്ല. കൈകാര്യം ചെയ്യുന്ന എല്ലാ വകുപ്പുകളിലും മന്ത്രിമാർക്ക് അധികാരിക ജ്ഞാനവും അനുഭവസമ്പത്തും ഉണ്ടാവണമെന്ന് നിർബ്ബന്ധമില്ല. എന്നാൽ തനിക്ക് പ്രാഥമികജ്ഞാനം പോലുമില്ലാത്ത ഒരു വകുപ്പ് തുടക്കം മുതൽ പിണറായി വിജയൻ കൈവശം വച്ചതെന്തിനാണ് എന്ന ചോദ്യം പുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായി ഉയർന്നു വരികയാണ്.

ചുറ്റിലുമുള്ള മറ്റാരുടേയൊക്കെയോ സ്ഥാപിത താത്പര്യ സംരക്ഷണത്തിനായാണ് പിണറായി വിജയൻ ഐടി വകുപ്പ് സ്വന്തം കൈയ്യിൽ നിലനിർത്തിയിരിക്കുന്നതും അതിൽ ശിവശങ്കരനേപ്പോലുള്ള ഒരു പൂർണ്ണ വിശ്വസ്തനെ പ്രിൻസിപ്പൽ സെക്രട്ടറിയായി കൊണ്ടു നടന്നതും. അതിന്‍റെ പിന്നാമ്പുറങ്ങളിലേക്കാണ് യഥാർത്ഥ അന്വേഷണം കടന്നു ചെല്ലേണ്ടത്.’-ബല്‍റാം കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

തനിക്ക് എന്തെങ്കിലും കാര്യങ്ങൾ നടത്തിയെടുക്കാനുണ്ടെങ്കിൽ ഉടൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം വിളിച്ച് അതിൽ വിഷയം അവതരിപ്പിക്കുകയും പിന്നീട് ആ യോഗത്തിൻ്റെ തീരുമാനമെന്ന നിലയിൽ ഉത്തരവ് ഇറക്കുകയും ചെയ്യുക എന്നതാണ് ശിവശങ്കരൻ്റെ രീതി എന്ന് ഇപ്പോൾ അനുഭവസ്ഥരായ പലരും പുറത്തു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഒരു ഫയൽ താഴെത്തട്ടിൽ നിന്ന് ഒറിജിനേറ്റ് ചെയ്ത് വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ കണ്ട് അഭിപ്രായം പറഞ്ഞ്, ഓരോ ഘട്ടത്തിലും തെറ്റുകുറ്റങ്ങൾ തിരുത്തി, അവസാനമാണ് മന്ത്രി/മുഖ്യമന്ത്രി തലത്തിൽ ഫയൽ എത്തേണ്ടത്. എന്നാൽ ഇത്തരം പരിശോധനകളെയെല്ലാം ബൈപാസ് ചെയ്യാനാണ് മുഖ്യമന്ത്രിയേക്കൊണ്ട് നേരിട്ട് യോഗം വിളിപ്പിച്ച് തീരുമാനമെടുപ്പിക്കുന്നത്.

ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കൺസൾട്ടൻ്റായി നിയമിക്കാൻ തീരുമാനിച്ചതും ഇങ്ങനെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗ തീരുമാനപ്രകാരമായിരുന്നു എന്ന് ആ ഉത്തരവിൽത്തന്നെ പറയുന്നുണ്ട്. ഇതിനെ വിമർശിച്ച പ്രതിപക്ഷത്തെ മുഴുവൻ അധിക്ഷേപിക്കുകയായിരുന്നു ഇതുവരെ സിപിഎം നേതാക്കൾ. എന്നാൽ ഇപ്പോൾ ക്രമക്കേട് കണ്ടെത്തിയതിൻ്റെ പേരിൽ പിഡബ്ല്യുസിയെ ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുന്നതായി അറിയുന്നു.

ഇവിടെ പിണറായി വിജയൻ സർക്കാരിന്‍റെ വിവിധ വിഷയങ്ങളിലുള്ള തീരുമാനമെടുക്കൽ രീതി തന്നെയാണ് വിമർശന വിധേയമാകേണ്ടത്. തലതിരിഞ്ഞ തീരുമാനങ്ങൾക്ക് സ്ഥിരമായി തലവെച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വിവരദോഷവും ഭരണകാര്യങ്ങളിലുള്ള കാര്യപ്രാപ്തിയില്ലായ്മയുമാണ്. കഴിവില്ലായ്മയിൽ നിന്നുത്ഭവിക്കുന്ന അപകർഷതാബോധവും അത് മറച്ചു പിടിക്കാനുള്ള ധാർഷ്ഠ്യവും മസിലുപിടുത്തവുമാണ് പിണറായി വിജയൻ്റെ മുഖമുദ്ര.

ഇതു നല്ലവണ്ണം മനസ്സിലാക്കിയ ഒരവതാരമാണ് ശിവശങ്കരൻ. എന്നാൽ തിരിച്ച് സെൻകുമാറിൻ്റേയും ജേക്കബ് തോമസിൻ്റേയും മറ്റും കാര്യത്തിൽ പിണറായി വിജയന് ഉണ്ടായിരുന്നു എന്ന് ആരാധകരാൽ പാടിപ്പുകഴ്ത്തപ്പെടുന്ന ദീർഘവീക്ഷണം ശിവശങ്കരൻ്റെ കാര്യത്തിൽ അദ്ദേഹത്തിനുണ്ടായില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് അനുമാനിക്കേണ്ടി വരും. ഇനി അതല്ലെങ്കിൽ പിണറായി വിജയൻ അറിഞ്ഞു കൊണ്ടു തന്നെയാണ് ശിവശങ്കരൻ ഈ ഫ്രോഡ് പണികളെല്ലാം നടത്തിയത് എന്നു വരും. അതിനാണ് കൂടുതൽ സാധ്യതയും. കാരണം ഒന്നും രണ്ടുമല്ലല്ലോ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടേതായി ഇപ്പോൾ പുറത്തു വരുന്ന തോന്ന്യാസങ്ങൾ !

മുഖ്യമന്ത്രിയാവുന്നതിന് മുൻപ് പിണറായി വിജയൻ പല വിഷയങ്ങളേക്കുറിച്ചും സംസാരിക്കാറുള്ളത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും അദ്ദേഹം ഐടി സംബന്ധമായ ഒരു വിഷയത്തിൽ ഒരഭിപ്രായം പറഞ്ഞതായി നമുക്കോർമ്മയില്ല. ഐടി വകുപ്പുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യങ്ങൾക്കും എഴുതിത്തയ്യാറാക്കി കൊണ്ടുവരുന്നതിനപ്പുറം ഒരു വാക്ക് പറയാൻ പിണറായി വിജയന് കഴിയാറില്ല. കൈകാര്യം ചെയ്യുന്ന എല്ലാ വകുപ്പുകളിലും മന്ത്രിമാർക്ക് അധികാരിക ജ്ഞാനവും അനുഭവസമ്പത്തും ഉണ്ടാവണമെന്ന് നിർബ്ബന്ധമില്ല. എന്നാൽ തനിക്ക് പ്രാഥമികജ്ഞാനം പോലുമില്ലാത്ത ഒരു വകുപ്പ് തുടക്കം മുതൽ പിണറായി വിജയൻ കൈവശം വച്ചതെന്തിനാണ് എന്ന ചോദ്യം പുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായി ഉയർന്നു വരികയാണ്.

ചുറ്റിലുമുള്ള മറ്റാരുടേയൊക്കെയോ സ്ഥാപിത താത്പര്യ സംരക്ഷണത്തിനായാണ് പിണറായി വിജയൻ ഐടി വകുപ്പ് സ്വന്തം കൈയ്യിൽ നിലനിർത്തിയിരിക്കുന്നതും അതിൽ ശിവശങ്കരനേപ്പോലുള്ള ഒരു പൂർണ്ണ വിശ്വസ്തനെ പ്രിൻസിപ്പൽ സെക്രട്ടറിയായി കൊണ്ടു നടന്നതും. അതിൻ്റെ പിന്നാമ്പുറങ്ങളിലേക്കാണ് യഥാർത്ഥ അന്വേഷണം കടന്നു ചെല്ലേണ്ടത്.

 

https://www.facebook.com/vtbalram/posts/10157830909144139