‘ഹാൻസിന്‍റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതര നാശനഷ്ടം, ചപ്പുചവറുകൾക്ക് കുഴപ്പമില്ല’: വി.ടി ബൽറാം

Jaihind Webdesk
Friday, July 1, 2022

എകെജി സെന്‍റര്‍ ആക്രമണത്തിന് പിന്നിലെ പൊരുത്തക്കേടുകളെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബൽറാം. ”ഹാൻസിന്‍റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ബാക്കി ചപ്പുചവറുകൾക്ക് കുഴപ്പമൊന്നുമില്ല” – ഇ.പി ജയരാജന്‍ സംഭവസ്ഥലം പരിശോധിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

എ.കെ ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവർത്തനമാണ്. ഈ സംഭവം എൻഐഎ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം  എകെജി സെന്‍റര്‍ ആക്രമണത്തിന് പിന്നിലെ ദുരൂഹത പൊതുസമൂഹത്തിലും ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസിനെ പഴിചാരാനുള്ള സിപിഎം ശ്രമങ്ങളെല്ലാം ദയനീയമായി പൊളിഞ്ഞതോടെ ന്യായീകരിക്കേണ്ട ഗതികേടിലാണിപ്പോള്‍ സിപിഎം നേതൃത്വം. അതീവ സുരക്ഷാപ്രദേശത്ത് ഇത്തരമൊരു സംഭവമുണ്ടായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇ.പി ജയരാജന്‍റെ  തിരക്കഥയാണ് എകെജി സെന്‍റര്‍ ആക്രമണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും പ്രതികരിച്ചു.

 

https://www.facebook.com/photo/?fbid=10159222976049139&set=a.10150384522089139