തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പ് അലങ്കോലമാക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ച് കൂടുതല്‍ ഇടത് നേതാക്കള്‍ രംഗത്ത്. പൂരം അലങ്കോലമാക്കാന്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുന്‍ മന്ത്രിയും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ വി.എസ്.സുനില്‍കുമാര്‍ രംഗത്ത് വന്നു. പൂരം നടത്തിപ്പില്‍ പൊലീസിന് കൃത്യമായ വീഴ്ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന് തന്നെ താന്‍ ഉന്നയിച്ചിരുന്നതാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ അന്ന് തൃശൂരില്‍ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആര്‍.അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്നു തനിക്ക് അറിയില്ലെന്നും സുനില്‍ കുമാര്‍ അറിയിച്ചു.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്ന് തന്നെ അന്വേഷണം നടത്തിയിരുന്നു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായും സുനില്‍ കുമാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താന്‍ കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
തൃശൂര്‍ പൂരം കലക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധനായിരുന്നു. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഭരണപക്ഷ എംഎല്‍എയായ പി വി അന്‍വര്‍ ഗൂഡാലോചന ആരോപണവുമായി രംഗത്ത് വന്നത്.
അതെസമയം പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്ന് കെ മുരളീധരന്‍ പറഞ്ഞു. പൂരം കലക്കിയതിന് അജിത് കുമാറിന് പങ്കുണ്ട്. പിണറായിയുടേത് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഡീല്‍ ആണെന്നും മുരളീധരന്‍ വ്യക്തമാക്കി.