തൃശ്ശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡഡന്‍റ് വിഎസ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമനടപടിയെടുക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ.
സാധാരണക്കാരോടുള്ള പോലീസിന്റെ ക്രൂരത പ്രകടമാക്കുന്നതാണ് സുജിത്തിന് നേരിടേണ്ടിവന്ന കൊടിയ മര്‍ദ്ദനം. സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യം കേരള മനസാക്ഷിയെ നടുക്കുന്നതാണ്. നീതി നടപ്പാക്കേണ്ട പോലീസാണ് ക്രിമിനല്‍ സംഘങ്ങളെപ്പോലെ പെരുമാറിയത്. സിപിഎമ്മും മുഖ്യമന്ത്രിയും പോലീസിനെ രാഷ്ട്രീയവത്കരിച്ചതിന്റെ ഫലമാണിത്. ചൊവ്വന്നൂര്‍ മേഖലയില്‍ പൊതുസ്വീകാര്യനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സുജിത്ത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിന്റെ നടപടി ചോദ്യം ചെയ്തതിന്റെ പകയാണ് ഉദ്യോഗസ്ഥര്‍ തീര്‍ത്തത്. ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് കളങ്കമാണ്.ഇവരെ ഇപ്പോഴും സര്‍വീസില്‍ തുടരാന്‍ അനുവദിച്ച ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഈ കേസില്‍ ഉത്തരവാദികളാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ എസ് ഐ നുഹ്‌മാന്‍, സിപിഒ മാരായ ശശിന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിന് ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. അനീതി ചോദ്യം ചെയ്ത ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കര്‍ണ്ണപടം അടിച്ചുതകര്‍ത്ത ഈ നരാധമന്‍മാരെ സംരക്ഷിച്ചതിലൂടെ മുഖ്യമന്ത്രി സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണെന്ന് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.