കല്‍പ്പറ്റ: ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എം. ജില്ലാ നേതൃത്വം ഒത്താശ ചെയ്യുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുന്നത് അപമാനകരമാണെന്ന് മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി ആരോപിച്ചു. കല്‍പ്പറ്റ എം.എല്‍.എ.യുടെ ഓഫീസ് ആക്രമിച്ച ഡി.വൈ.എഫ്.ഐ. അക്രമികളുടെ നടപടിയില്‍ പ്രതിഷേധിച്ചും സി.പി.എം. നടത്തുന്ന നുണപ്രചരണങ്ങള്‍ക്കെതിരെയും കല്‍പ്പറ്റയില്‍ യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അക്രമികള്‍ക്ക് പിന്നില്‍ സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്നെന്ന് വി.എസ്. ജോയി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് നേതൃത്വം നല്കിയതും സമരസ്ഥലത്ത് എത്തി അക്രമികള്‍ക്ക് ആത്മവിശ്വാസം നല്കിയതും സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ.യുടെ ഓഫീസ് ആക്രമണത്തിന് പിന്നിലും ഇതേ സി.പി.എം നേതൃത്വം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.