ഐപിഎല്‍ 2020 : ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി മലയാളി ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത് കെയര്‍ : അടിയന്തര മെഡിക്കല്‍ പരിചരണത്തിന് എയര്‍ ആംബുലന്‍സ് ; ഐസൊലേഷന്‍ കേന്ദ്രങ്ങളുടെ മെഡിക്കല്‍ ചുമതലയും ഗ്രൂപ്പിന്

Elvis Chummar
Wednesday, September 9, 2020

ദുബായ് : കൊവിഡ് മഹാമാരിക്കിടെ യുഎഇയില്‍ നടക്കുന്ന ക്രിക്കറ്റ് മേളയായ, ഐപിഎല്‍- 2020ന്‍റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി വിപിഎസ് ഹെല്‍ത്ത്‌കെയറിനെ ബിസിസിഐ തിരഞ്ഞെടുത്തു. ഐപിഎല്ലിനായുള്ള  കൊവിഡ്  പരിശോധന ഏജന്‍സിയായി, വിപിഎസിനെ നിയമിച്ചതിനു പിന്നാലെയാണ് ഇത്.  ഇതോടെ, ടൂര്‍ണമെന്‍റിന്‍റെ മുഴുവന്‍ മെഡിക്കല്‍ കാര്യങ്ങളുടെയും ഉത്തരവാദിത്തവും ഇനി വിപിഎസ് ഗ്രൂപ്പിനാണ്.

ആശുപത്രികളും മെഡിക്കല്‍ വിദഗ്ദരും സജ്ജം

ക്രിക്കറ്റ് കളിക്കാര്‍ക്കും ഫ്രാഞ്ചയ്‌സികളുടെ ജീവനക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമുള്ള മെഡിക്കല്‍ സേവനങ്ങള്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ആണ് ഇനി ലഭ്യമാക്കുക. ഐപിഎല്ലിന്‍റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി വിപിഎസ് ഹെല്‍ത്ത്‌കെയറിനെ ബിസിസിഐ തിരഞ്ഞെടുത്തതോടെയാണിത്. യുവ മലയാളി വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ ആണ് വിപിഎസ് ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, മസ്‌കുലോസ് കെലറ്റല്‍ ഇമേജിംഗ്, സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനങ്ങള്‍, ആശുപത്രികളില്‍ കിടത്തി ചികിത്സ, എയര്‍ ആംബുലന്‍സ് അടക്കമുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ടൂര്‍ണമെന്‍റുമായി ബന്ധമുള്ളവര്‍ കൊവിഡ് പോസിറ്റിവ് ആയാല്‍ , ഇവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനുള്ള ചുമതലയും ഗ്രൂപ്പിനായിരിക്കും. ആശുപത്രികളും മെഡിക്കല്‍ വിദഗ്ദരും ഇതിനായ് സജ്ജമായിക്കഴിഞ്ഞെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ദുബായ് ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സിഇഒ ഡോ. ഷാജിര്‍ ഗഫാര്‍ പറഞ്ഞു.

ടൂര്‍ണമെന്‍റുകളില്‍  ഇരുപതിനായിരം ടെസ്റ്റുകള്‍

കൊവിഡ് പരിശോധന ഏജന്‍സിയായി ബിസിസിഐ നിയമിച്ച വിപിഎസ് ഹെല്‍ത്ത്‌കെയര്‍, കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന തുടരുകയാണ്. ഇരുപതിനായിരം ടെസ്റ്റുകളാണ് ടൂർണമെന്‍റിനിടെ പൂര്‍ത്തിയാക്കുക . ഔദ്യോഗിക ആരോഗ്യപങ്കാളിയായതോടെ, ടൂര്‍ണ്ണമെന്‍റുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യകാര്യങ്ങളുടെയും ചുമതല ഇനി വിപിഎസിനായി. യുഎഇ ആഥിത്യമരുളുന്ന ഐപിഎല്ലിലെ ഈ നിര്‍ണ്ണായക പങ്കാളിത്തം, ഒരു മലയാളി ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് ലഭിച്ചത് വന്‍ നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു. ടൂര്‍ണമെന്‍റ്  അവസാനിച്ചു കളിക്കാരും ഒഫീഷ്യലുകളും മടങ്ങുന്നതുവരെ അവരുടെ ആരോഗ്യപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള വിശദമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയും അനുഭവസമ്പന്നരായ മെഡിക്കല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ഇത് നടപ്പാക്കാനാകുമെന്ന പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡോ. ഷാജിര്‍ വ്യക്തമാക്കി.

അബുദാബിയിലും ദുബായിലും ഷാര്‍ജയിലും ആശൂപത്രി സേവനം

ഐപിഎല്ലിനുള്ള സേവനങ്ങള്‍ക്കായി വിപിഎസിന്റെ പ്രധാന ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദഗ്ദരും സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകളും  കൊവിഡ് മാനേജ്മെന്‍റില്‍ അനുഭവപരിചയമുള്ളവരുമടങ്ങുന്ന പ്രത്യേക സംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.  അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയും ഷാര്‍ജയിലെ ബുര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഐപിഎല്ലുമായി ബന്ധപ്പെട്ട മെഡിക്കല്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

എയര്‍ ആംബുലന്‍സ് ലാന്‍ഡ്‌ചെയ്യാന്‍ ഹെലിപാഡ് സൗകര്യവും

ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട  കളിക്കാരെ അബുദാബിയിലോ ദുബായിലോ ഷാര്‍ജയിലോ ഉള്ള വിപിഎസ് ആശുപത്രികളില്‍ എത്തിക്കും. ആംബുലന്‍സുകളും എയര്‍ ആംബുലന്‍സും വിപിഎസ് ഹെല്‍ത്ത്കെയറിനു കീഴിലുള്ള റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ (RPM) ആണ് ലഭ്യമാക്കുക. മെഡിക്കല്‍ ആംബുലന്‍സ് ലാന്‍ഡ്‌ചെയ്യാനായി ഹെലിപാഡ് സൗകര്യമുള്ള , അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലേക്ക്  അബുദാബിയിലെ മത്സര വേദിയില്‍ നിന്നും, കളിക്കാരുടെ താമസസ്ഥലത്തു നിന്നും വേഗത്തില്‍ എത്തിച്ചേരാനാകും.

teevandi enkile ennodu para