മഴ മാറി, ബൂത്തുകളില്‍ വീണ്ടും തിരക്ക്; പുതുപ്പള്ളിയില്‍ കനത്ത പോളിംഗ്, 60 ശതമാനം പിന്നിട്ടു

Jaihind Webdesk
Tuesday, September 5, 2023

 

കോട്ടയം: പുതുപ്പള്ളിയിൽ പോളിംഗ് ശതമാനം 60 ശതമാനം കടന്നു. ഉച്ചയ്ക്ക് ശേഷം 3.30 വരെയുള്ള കണക്കാണിത്. പോൾ 1,07,568 വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍  53,776 പുരുഷന്മാരും 53,790 സ്ത്രീകളും രണ്ടു ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടുന്നു. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് ആകെയുള്ളത്. മഴ മാറിയതോടെ കനത്ത പോളിംഗാണ് പുതുപ്പള്ളിയില്‍ രേഖപ്പെടുത്തുന്നത്.

വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. രാവിലെ മഴ ഭീഷണിയുണ്ടായിരുന്നെങ്കിലും അത് ഒഴിഞ്ഞതോടെ ഇനിയും വോട്ടർമാർ കൂടുതലായി ബൂത്തുകളിലേക്ക് എത്തും എന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. പുതുപ്പള്ളി, മണർകാട്, പാമ്പാടി, അയർക്കുന്നം മേഖലകളിൽ ഉൾപ്പെടെയാണ് പതിനൊന്നരയോടെ കനത്ത മഴ പെയ്തത്. അരമണിക്കൂറിലേറെ മഴ നീണ്ടുനിന്നു.

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല.