കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടിവന്നു എന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച് ചാണ്ടി ഉമ്മൻ പരാതി നൽകി. മണിക്കൂറുകൾ കാത്തിരുന്നിട്ടും പലർക്കും വോട്ട് ചെയ്യാനാവാതെ തിരിച്ചു പോകേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നു.
പുതുപ്പള്ളിയിൽ വോട്ടിംഗ് യന്ത്രത്തിന്‍റെ വേഗത കുറഞ്ഞതിനാൽ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും അവർക്ക് സമയം നീട്ടി നൽകണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വോട്ടെടുപ്പ് നടക്കുന്നതിനിടെ ആവശ്യപ്പെട്ടിരുന്നു. മൂന്നു മണിക്കൂർ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാൾക്ക് വോട്ടുചെയ്യാൻ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. ഒടുവിൽ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പലർക്കും വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് പലരും മണിക്കൂറുകളോളം പോളിംഗ് ബൂത്തുകളിൽ കാത്തുനിന്നതിനു ശേഷം തിരികെ വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയായിരുന്നു ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ജില്ലാ കളക്ടർക്ക് പരാതി നൽകി. പരാതി സ്വീകരിച്ചതായും അന്വേഷിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം പോളിംഗ് ബൂത്തുകളിലെത്തിയ വോട്ടർമാർക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടിവന്നത് എന്താണ് എന്ന ചോദ്യത്തിന് വോട്ടിംഗ് യന്ത്രം സ്ലോ ആണെന്നാണ് അധികൃതർ നൽകിയ മറുപടി. എന്താണു കാരണമെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല. 31 ബൂത്തുകളിൽ പ്രശ്നമുണ്ടായിരുന്നതായി ചാണ്ടി ഉമ്മൻ വ്യക്തമാക്കി. രാവിലെ മുതൽ റിട്ടേണിംഗ് ഓഫീസറോട് പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നു മാത്മല്ല, പല ബൂത്തുകളിലും വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിരയും ഉണ്ടായി. ബൂത്തുകളിൽ എത്തിയവർക്ക് വോട്ടു ചെയ്യാനുള്ള അവസരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും ആറുമണിക്ക് ശേഷം വോട്ടെടുപ്പ് അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ വോട്ടിംഗ് ഉപകരണങ്ങളുമായി മടങ്ങി. ഇതിനു പിന്നാലെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.