വടകരയില്‍ വോട്ടെടുപ്പ് ബോധപൂർവം വൈകിപ്പിച്ചു; അട്ടിമറി സംശയം ഉന്നയിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ

Jaihind Webdesk
Saturday, April 27, 2024

 

കോഴിക്കോട്: വടകര മണ്ഡലത്തിലെ വോട്ടെടുപ്പ് പ്രക്രിയ ഉദ്യോഗസ്ഥർ ബോധപൂർവം വൈകിപ്പിച്ചെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺ കുമാർ. വടകരയിൽ യുഡിഎഫിന് ആധിപത്യമുള്ള പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോളിംഗ് അട്ടിമറിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി നൽകുമെന്നും പ്രവീൺ കുമാർ പറഞ്ഞു.

‘‘വടകരയിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നത്. ഈ യോഗത്തിൽ സ്പീക്കർ ചട്ടവിരുദ്ധമായി പങ്കെടുത്തു. ചില ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭരണതലത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നു. അട്ടിമറി സംശയവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. അത് ശരിവെക്കുന്ന രീതിയിലാണ് വടകരയിലെ 241 ബൂത്തുകളിലും സംഭവിച്ചത്.’’ – പ്രവീൺ കുമാർ പറഞ്ഞു.