ജമ്മുകശ്മീരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിധിയെഴുതുന്നത് 40 മണ്ഡലങ്ങള്‍; പ്രദേശത്ത് കനത്ത സുരക്ഷ

Jaihind Webdesk
Tuesday, October 1, 2024

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് ജില്ലകളിലെ 40 നിയോജക മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 24 എണ്ണം ജമ്മു ഡിവിഷനിലും 16 എണ്ണം കാശ്മീര്‍ ഡിവിഷനിലുമാണ്. ആകെ 415 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

അവസാന ഘട്ട വോട്ടെടുപ്പ് കണക്കിലെടുത്ത് പ്രദേശത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. 5,060 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ആദ്യ ഘട്ട നോട്ടെടുപ്പ് സെപ്തംബര്‍ 18നും രണ്ടാം ഘട്ടം സെപ്തംബര്‍ 25നുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ഒന്നും രണ്ടും ഘട്ടങ്ങളില്‍ യഥാക്രമം 61 ശതമാനവും 57.31 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഈ മാസം അഞ്ചിന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലം എട്ടാം തീയതി പ്രഖ്യാപിക്കും.