
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. 470 പഞ്ചായത്തിലെ 9027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്. ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് നല്‍കും. അതെ സമയം വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ മൂലം നിര്‍ത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയില്‍ നാളെ റീപോളിംഗ് നടത്തും. ഡിസംബര്‍ പതിമൂന്നിനാണ് വോട്ടെണ്ണല്‍.