
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ രൂക്ഷമായ വാക്പോര്. തിരഞ്ഞെടുപ്പ് ക്രമക്കേടുകളും നുഴഞ്ഞുകയറ്റവും സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് സഭ പ്രക്ഷുബ്ധമായത്. അമിത് ഷായുടെ മറുപടി പ്രസംഗത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് സഭ വ്യാഴാഴ്ച രാവിലെ 11 മണി വരെ നിര്‍ത്തിവച്ചു.
ഹരിയാനയിലും ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതരമായ ആരോപണമാണ് കോണ്‍ഗ്രസ് സഭയില്‍ ഉന്നയിച്ചത്. ഹരിയാനയില്‍ മാത്രം 19 ലക്ഷത്തോളം വ്യാജ വോട്ടര്‍മാരുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാല്‍ തിരഞ്ഞെടുപ്പിലെ വോട്ട് മോഷണം എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ അമിത് ഷാ തള്ളിക്കളഞ്ഞു. 2014-ന് ശേഷം എന്‍ഡിഎ 41 നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 30 സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് എങ്ങനെ ജയിച്ചുവെന്നും അദ്ദേഹം ചോദിച്ചു. തോല്‍വിക്ക് കാരണം ഇവിഎം അല്ല, കോണ്‍ഗ്രസിന്റെ നേതൃത്വമാണെന്നും ഷാ വിമര്‍ശിച്ചു. സോണിയ ഗാന്ധി ഇന്ത്യന്‍ പൗരയാകുന്നതിന് മുമ്പ് വോട്ടറായെന്ന ഡല്‍ഹി കോടതിയുടെ പരാമര്‍ശവും ഷാ സഭയില്‍ ഉന്നയിച്ചു.
അമിത് ഷായുടെ മറുപടി ഭയത്തില്‍ നിന്നുള്ളതും പ്രതിരോധത്തിലൂന്നിയതുമാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. സുതാര്യമായ വോട്ടര്‍ പട്ടിക, ഇവിഎം ഘടന എന്നിവയെക്കുറിച്ച് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ, ‘ഞാന്‍ എന്ത് സംസാരിക്കണമെന്ന് ഞാന്‍ തന്നെ തീരുമാനിക്കും’ എന്ന അമിത് ഷായുടെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് സഭയില്‍ വലിയ ബഹളത്തിന് വഴിവെച്ചു. പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അമിത് ഷാ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ വായിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി. അഖിലേഷ് യാദവ്, സുപ്രിയ സുലെ തുടങ്ങിയവര്‍ ഉന്നയിച്ച വിഷയങ്ങളെ ഷാ അഭിസംബോധന ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മറുപടി തികച്ചും ദുര്‍ബലമാണെന്നും, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ വഴി തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.